മാവൂർ: തിങ്കളാഴ്ച മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കുന്ന എളമരം കടവ് പാലത്തിൽ പ്രതിഷേധ ഉദ്ഘാടനം നടത്തി ബലമായി തുറന്നുകൊടുത്ത് ബി.ജെ.പി. കേന്ദ്ര ഫണ്ടുപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ പാലത്തിന്റെ ഉദ്ഘാടനത്തിൽ കേന്ദ്ര പ്രതിനിധികളെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി ജില്ല പ്രസിഡന്‍റ് അഡ്വ. വി.കെ. സജീവന്‍റെ നേതൃത്വത്തിൽ ജനകീയ ഉദ്ഘാടനം നടത്തിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 50ലധികം പ്രവർത്തകർ മാവൂർ ഭാഗത്തെ താൽക്കാലിക കവാടം ബലമായി തുറന്നാണ് ഉദ്ഘാടനം നടത്തിയത്. ജില്ല പ്രസിഡന്‍റ് അഡ്വ. വി.കെ. സജീവൻ സംസാരിച്ചശേഷം നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് നേതാക്കളും പ്രവർത്തകരും വാഹനങ്ങളുടെ അകമ്പടിയോടെ പ്രകടനമായി മറുഭാഗത്തേക്ക് നീങ്ങി. മറുഭാഗത്ത് എളമരത്ത് മലപ്പുറം ജില്ലയിലെ പ്രവർത്തകർ ഇവരെ സ്വീകരിക്കുകയും ഇവിടെയും നാട മുറിച്ച് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ഇവിടെയും ഉദ്ഘാടനപ്രസംഗം നടത്തി. ശേഷം ലഡുവിതരണവും ഉണ്ടായി. അതോടൊപ്പം വാഹനങ്ങൾ കടത്തിവിടുകയുംചെയ്തു. മാവൂർ ഭാഗത്ത് ഉദ്ഘാടനം നടക്കുന്ന സമയത്ത് പൊലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ, വാഴക്കാട് ഭാഗത്ത് പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും തടഞ്ഞില്ല. തുടർന്ന് പ്രിൻസിപ്പൽ എസ്.ഐ വി.ആർ. രേഷ്മയുടെ നേതൃത്വത്തിൽ മാവൂർ പൊലീസ് സ്ഥലത്തെത്തിയശേഷമാണ് പാലത്തിലെ ആളുകളെ ഒഴിപ്പിച്ചുതുടങ്ങിയത്. ഒഴിഞ്ഞുപോകാനോ ഗേറ്റ് അടക്കാനോ ബി.ജെ.പി പ്രവർത്തകർ തയാറാകാത്തതിനെ തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി. സംഭവത്തിൽ 10 നേതാക്കളടക്കം 30 പേർക്കെതിരെ മാവൂർ പൊലീസ് കേസെടുത്തു. കുന്ദമംഗലം, മെഡിക്കൽ കോളജ് പൊലീസും സ്ഥലത്തെത്തിയിരുന്നു. ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് ഹരിദാസ് പൊക്കിണാരി, ജില്ല സെൽ കോഓഡിനേറ്റർ തളത്തിൽ ചക്രായുധൻ, കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് സുധീർ കുന്ദമംഗലം, ഒളവണ്ണ മണ്ഡലം പ്രസിഡന്റ് കെ. നിത്യാനന്ദൻ, യുവമോർച്ച ജില്ല ട്രഷറർ യദുരാജ്, പി. സിദ്ധാർഥൻ, പവിത്രൻ പനിക്കൽ, എം.വി. സുമേഷ്, സുനോജ് കുമാർ, പി. സുഗേഷ്, സിമി വേലായുധൻ, കെ.സി. രാജൻ, ലീന, വാഴക്കാട് മണ്ഡലം പ്രസിഡന്റ് ഷിബു അനന്തായൂർ, മലപ്പുറം ജില്ല സെക്രട്ടറി ദിനേശൻ മാസ്റ്റർ, മലപ്പുറം ജില്ല കമ്മിറ്റി അംഗം അച്യുതൻ ചെറുവായൂർ, ബി.ജെ.പി വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീനിവാസൻ, വാഴക്കാട് മണ്ഡലം സെക്രട്ടറി രജീഷ് പാലക്കുഴി, വാഴക്കാട് മണ്ഡലം ട്രഷറർ നാരായണൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.