കൊട്ടിയൂർ മഹോത്സവം: പെരുമാളിന് ഇളനീർ അഭിഷേകം

കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ സുപ്രധാന ചടങ്ങായ ഇളനീരാട്ടം അക്കരെ കൊട്ടിയൂരിൽ നടത്തി. വ്രതക്കാർ തിരുവഞ്ചിറയിൽ സമർപ്പിച്ച ഇളനീരുകൾ കാര്യത്ത് കൈക്കോളന്മാർ കാവുകൾ നീക്കംചെയ്ത് മുഖംചെത്തി മണിത്തറക്കു സമീപം മുഖമണ്ഡപത്തിൽ കൂട്ടിയിട്ടു. രാത്രിയിൽ മുത്തപ്പൻ വരവിനുശേഷമാണ് ഇളനീരാട്ടം തുടങ്ങിയത്. ഇതിനു മുമ്പായി മണിത്തറയിൽ കൂട്ടിയിട്ട ഇളനീരുകൾ ശ്രീകോവിലിലേക്കു മാറ്റി. ഉച്ചയോടെ അഷ്ടമി ആരാധന നടന്നു. വൈശാഖോത്സവത്തിലെ രണ്ടാമത്തെ ആരാധനയാണിത്. രാത്രിയോടെ മുത്തപ്പൻ വരവ് നടന്നു. രാത്രി കൊട്ടെരിക്കാവിൽനിന്ന് കോട്ടേരി മുത്തപ്പൻ എഴുന്നള്ളി. മുത്തപ്പന് അരി ചൊരിഞ്ഞ് മടക്കിയശേഷമാണ് ഇളനീർ അഭിഷേകത്തിനുള്ള രാശി വിളിച്ചത്. പാലോനം നമ്പൂതിരി രാശി വിളിച്ചതോടെ ഇളനീർ അഭിഷേകം തുടങ്ങി. മണിത്തറയിൽ കൂട്ടിയിട്ട ഇളനീരുകൾ കൊത്തി വെള്ളി-സ്വർണ പാത്രങ്ങളിലേക്ക് ഇളനീർ ജലം പകർന്ന് ഉഷകാമ്പ്രം നമ്പൂതിരിയാണ് ഇളനീർ അഭിഷേകം നടത്തിയത്. അഭിഷേക ചടങ്ങുകൾ പുലരുവോളം തുടർന്നു. നാനാദിക്കുകളിൽനിന്നായി ഒഴുകിയെത്തിയ ആയിരക്കണക്കിന് ഭക്തരുടെ സാന്നിധ്യത്തിലാണ് ഇളനീർ സമർപ്പണവും ഇളനീരാട്ടവും നടന്നത്. photo: ഇളനീരഭിഷേകത്തിനു മുന്നോടിയായി കൈക്കോളന്മാർ ഇളനീരുകൾ ചെത്തി അഭിഷേകത്തിനായി ഒരുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.