ജൽ ജീവൻ പദ്ധതിക്കു കിഴക്കോത്ത് തുടക്കം

കൊടുവള്ളി: ഗ്രാമപഞ്ചായത്തിലെ എല്ലാ കുടുംബങ്ങൾക്കും 2024ഓടെ കുടിവെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിക്കു കിഴക്കോത്ത് പഞ്ചായത്തിൽ തുടക്കമാകുന്നു. ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് വീടുകളിൽ കുടിവെള്ള ടാപ് കണക്ഷനുകൾ നൽകുന്നതിനുള്ള ചുമതല കേരള വാട്ടർ അതോറിറ്റിക്കാണ്. പദ്ധതി ചെലവിന്റെ 50 ശതമാനം കേന്ദ്ര സർക്കാറും 25 ശതമാനം സംസ്ഥാന സർക്കാറും 15 ശതമാനം ഗ്രാമപഞ്ചായത്തും 10 ശതമാനം ഗുണഭോക്താക്കളും എന്നരീതിയിലാണ് ചെലവ് പങ്കിടുന്നത്. 15 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ പറ്റുന്ന ടാങ്ക് നിർമിക്കാൻ 25 സെന്റ് സ്ഥലം വിലക്കെടുക്കാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്. പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന ജൽ ജീവൻ മിഷൻ കിഴക്കോത്ത് പഞ്ചായത്തുതല ശിൽപശാല ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി. നസ്‌റി അധ്യക്ഷത വഹിച്ചു. ഭൗമദിനത്തോടനുബന്ധിച്ച് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ജൽ ജീവൻ മിഷനുമായി സഹകരിച്ച് നടത്തിയ ചിത്രരചന മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർഥികൾക്ക് എം.എൽ.എ ഉപഹാരം നൽകി. ജൽ ജീവൻ മിഷൻ ടീം ലീഡർ ഷാദിയ പദ്ധതി അവതരിപ്പിച്ചു. അസിസ്റ്റന്റ്‌ എക്സിക്യൂട്ടിവ് എൻജിനീയർ സുപ്രിയ റാണി നിർവഹണ വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.കെ. അബ്ദുറഹ്‌മാൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റംല മക്കട്ടുപൊയിൽ, കെ.കെ. അബ്ദുൽ ജബ്ബാർ, പ്രിയങ്ക കരൂഞ്ഞിയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജിത, വിനോദ് കുമാർ, അബ്ദുൽ മജീദ്, ജസ്‌ന, മംഗലാട്ട് മുഹമ്മദ്‌, സി.എം. ഖാലിദ്, നസീമ ജമാലുദ്ദീൻ, ഇന്ദു സനിത്, വി.പി. അഷ്‌റഫ്‌, വഹീദ, സാജിദത്ത്‌, മുഹമ്മദലി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ്‌ കുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.