ഓട്ടോ തൊഴിലാളികളുടെ നിരാഹാരസമരം ഒത്തുതീർപ്പാക്കണം -സി.സി ഓട്ടോസംരക്ഷണ മുന്നണി

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ 3000 ഓട്ടോറിക്ഷകൾക്ക് കൂടി പെർമിറ്റ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ തൊഴിലാളികൾ നടത്തിവരുന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കാൻ അധികൃതർ ഉടനെ ഇടപെടണമെന്ന്​ സി.സി ഓട്ടോസംരക്ഷണ മുന്നണി നേതാവ്​ എ. വാസു വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തെൽഹത്ത് വെള്ളയിൽ, അനീഷ് വെള്ളയിൽ എന്നീ തൊഴിലാളികൾ എട്ടു ദിവസത്തിലേറെയായി നിരാഹാര സമരം തുടരുകയാണ്. വിവിധ യൂനിയനുകളുടെ ഏകോപനസമിതിയായ സി.സി ഓട്ടോ സംരക്ഷണ മുന്നണിയാണ് സമരത്തിന് നേതൃത്വം നൽകുന്നത്. കോവിഡ് വ്യാപനം സൃഷ്​ടിച്ച ദുരിതങ്ങളെ തുടർന്ന് തൊഴിൽ പ്രതിസന്ധി നേരിടുന്ന ഓട്ടോറിക്ഷാ മേഖലയെ കൂടുതൽ ദുരിതങ്ങളിലേക്ക് നയിക്കുന്ന തീരുമാനമാണ് സർക്കാർ കൈക്കൊള്ളുന്നത്. നഗരത്തിൽ 3000 ഓട്ടോറിക്ഷകൾക്ക് കൂടി പെർമിറ്റ് നൽകാനുള്ള സർക്കാർ തീരുമാനം നിലവിൽ തൊഴിലെടുക്കുന്നവരെയും പുതുതായി വരുന്നവരേയും ഒരു പോലെ ദുരിതത്തിലാക്കും. നേരത്തെയുള്ള തൊഴിൽ പകുതിയിൽ താഴെയായി കുറഞ്ഞിരിക്കുകയാണ്​. പരിസ്ഥിതിസൗഹൃദ വാഹനങ്ങളിലേക്ക് മാറുന്നതിന് ഇലക്​ട്രിക് ഓട്ടോകൾക്ക് വഴി തുറക്കാനാണിത് എന്നാണ് പറയുന്നത്. നിലവിലുള്ള തൊഴിലാളികൾക്ക് ഇ- ഓട്ടോയിലേക്ക് മാറുന്നതിനുള്ള സൗകര്യവും സാമ്പത്തിക സഹായവും സർക്കാർ തന്നെ നൽകണം. അല്ലാതെ തൊഴിലെടുത്തുജീവിക്കുന്ന മനുഷ്യരെ ആത്മഹത്യയിലേക്കും പട്ടിണിമരണത്തിലേക്കും നയിക്കുന്ന നയങ്ങൾ നടപ്പാക്കുകയല്ല വേണ്ടതെന്ന്​ നേതാക്കൾ പറഞ്ഞു. നിരാഹാരസമരം നടത്തുന്ന തൊഴിലാളികളെ അവഗണിക്കുന്നത് പരിഷ്കൃതസമൂഹത്തിന് യോജിച്ചതല്ല. പ്രശ്നം ചർച്ചചെയ്ത് അടിയന്തരമായി പരിഹരിക്കാൻ അധികൃതർ തയാറാകണം. നിരാഹാര സമരത്തിന്​ ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ ചൊവ്വാഴ്​ച​ 12 മണിക്കൂർ ഉപവാസസമരം നടത്തും. വാർത്തസമ്മേളനത്തിൽ ദിലീപ്​, യാസർ അറഫാത്ത്​, ഗസാലി എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.