ഈ കാലത്തും ഊരുവിലക്ക്​ പരാതികൾ അപമാനം-വനിത കമീഷൻ

പല കുടുംബവഴക്കുകളുടെയും അടിസ്ഥാനകാരണം സാമ്പത്തികം കോഴിക്കോട്​: ഊരുവിലക്ക് പരിഷ്കൃതസമൂഹത്തിന് അപമാനമാണെന്ന് വനിത കമീഷൻ. അദാലത്തിന്​ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു വനിത കമീഷൻ അംഗം എം.എസ്. താര. ഒഞ്ചിയം സ്വദേശിനി ഊരുവിലക്ക് നേരിടുന്നതുമായി ബന്ധപ്പെട്ട പരാതി അദാലത്തിൽ കമീഷൻ പരിഗണിച്ചു. പരിഷ്കൃതസമൂഹത്തിന് ഒട്ടും യോജിക്കാത്ത ഇത്തരം പ്രവണതകൾ അപമാനകരമാണെന്നും അംഗീകരിക്കാനാവില്ലെന്നും കമീഷൻ പറഞ്ഞു. കലക്ടർക്കും ഒഞ്ചിയം പഞ്ചായത്ത് സെക്രട്ടറിക്കും ചോമ്പാൽ പൊലീസ് സ്​റ്റേഷനിലും ഊരുവിലക്കുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടുണ്ടെന്ന് പരാതിക്കാരി കമീഷനെ അറിയിച്ചു. നിജസ്ഥിതി മനസ്സിലാക്കാൻ ഇവരുടെ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം ലഭ്യമാക്കുമെന്നും റിപ്പോർട്ട് ലഭ്യമായശേഷം തുടർനടപടി സ്വീകരിക്കുമെന്നും കമീഷൻ അംഗം പറഞ്ഞു. കുടുംബപ്രശ്നങ്ങൾ കൂടിവരുകയാണ്. സഹിഷ്ണുത നഷ്​ടപ്പെടുന്ന അവസ്ഥയിലേക്ക് കുടുംബബന്ധങ്ങൾ മാറുകയാണെന്ന് കമീഷൻ അഭിപ്രായപ്പെട്ടു. കുടുംബപ്രശ്നങ്ങളുടെ അടിസ്ഥാനവിഷയമായി സാമ്പത്തികം മാറുകയാണ്​. പുതിയ തലമുറയിൽ വിട്ടുവീഴ്ച മനോഭാവം കുറയുകയും നിസ്സാര പ്രശ്നങ്ങൾ സങ്കീർണമാക്കുകയും ചെയ്യുന്നു. കുട്ടികളാണ് അതുവഴി കഷ്​ടപ്പെടുന്നത്​. കുടുംബകലഹം, ദാമ്പത്യപ്രശ്നം, സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ, തൊഴിലിടങ്ങളിലെ മാനസിക പീഡനങ്ങൾ തുടങ്ങിയ കേസുകളും പരിഗണനക്കെത്തി. അദാലത്തിൽ അഡ്വ. മുഹമ്മദ് ഫിർദൗസ്, അഡ്വ. രജനി, അഡ്വ. ഷീല, അഡ്വ. മിനി തുടങ്ങിയവരും പങ്കെടുത്തു. 61 കേസുകളാണ്​ പരിഗണിച്ചത്​. 12 എണ്ണം തീർപ്പായി. നാലു കേസുകൾ അന്വേഷണത്തിന്​ വിട്ടു. 45 കേസുകൾ അടുത്ത അദാലത്തിലേക്ക്​ മാറ്റി. photo bk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.