വാക്സിനെടുക്കാതെ അധ്യാപകർ; വിദ്യാർഥികളുടെ അധ്യയനം മുടങ്ങുന്നു

ആയഞ്ചേരി: സ്കൂൾ തുറന്ന് അധ്യയനം ആരംഭിച്ച് ഒരുമാസമായിട്ടും രണ്ടു ഡോസ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്ത അധ്യാപകർക്ക് സ്കൂളിലെത്താൻ കഴിയാതെ വിദ്യാർഥികളുടെ പഠനം മുടങ്ങുന്നു. രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാത്ത അധ്യാപകർ വിദ്യാലയത്തിൽ ഹാജരാകേണ്ടെന്നാണ് സർക്കാർ നിർദേശം. വടകര വിദ്യാഭ്യാസ ജില്ലയിൽ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവർ 241 അധ്യാപകരും ഒറ്റ ഡോസ് വാക്സിനും സ്വീകരിക്കാത്തവർ 12 പേരുമാണെന്നാണ്​ വടകര വിദ്യാഭ്യാസ ജില്ല ഓഫിസിൽനിന്ന്​ ലഭിച്ച കണക്ക്. 253 അധ്യാപകരുടെ ക്ലാസുകളാണ് വടകര വിദ്യാഭ്യാസ ജില്ലയിൽ മാത്രം ഒഴിഞ്ഞുകിടക്കുന്നത്. ഇത്തരം അധ്യാപകർക്ക് പകരം അധ്യാപകരെ നിയമിക്കാനുള്ള ബദൽ സംവിധാനമോ ഏത് തരം അവധി നൽകണമെന്നോ സർക്കാർ നിർദേശം ലഭിച്ചിട്ടില്ല. വാക്സിനെടുക്കാത്ത അധ്യാപകർക്ക് വീട്ടിൽനിന്ന് ഓൺലൈൻ ക്ലാസ് എടുക്കാനാണ് മേലുദ്യോഗസ്ഥരുടെ നിർദേശം. സ്കൂളിലെത്തുന്ന വിദ്യാർഥികൾക്ക് ഫോൺ സൗകര്യവും ലഭ്യമല്ല. ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ ഒരു ക്ലാസിൽ ഒരു അധ്യാപകൻ എന്ന സംവിധാനമായതിനാൽ വിദ്യാർഥികൾ സ്കൂളിലെത്തി അധ്യാപകരില്ലാതെ ദിവസവും അധ്യയനം ലഭിക്കാതെ തിരിച്ചുപോകേണ്ടുന്ന ദുരവസ്ഥയിലാണ്. ഇത്തരം വിദ്യാർഥികളെ സ്കൂളിലെത്തിക്കുന്നത് എന്തിനാണെന്നാണ് രക്ഷിതാക്കളുടെ ചോദ്യം. വാക്സിൻ സ്വീകരിക്കാത്ത അധ്യാപകരിൽ ചുരുക്കം ചിലർ ബോധപൂർവം വിമുഖത കാണിച്ചവരുണ്ടെങ്കിലും ഗർഭിണികൾ, അലർജി പോലുള്ള രോഗമുള്ളവർ, കോവിഡ് രോഗം വന്നവർ തുടങ്ങിയവരാണ് കൂടുതൽ പേരും. കോവിഡ് പശ്ചാത്തലത്തിൽ ആവശ്യത്തിന് അധ്യാപകരില്ലാതെ സ്കൂൾ നടത്തിക്കൊണ്ടുപോവുകയെന്നത് പ്രധാനാധ്യാപകർക്ക് മറ്റൊരു ഭാരം കൂടി അനുഭവിക്കേണ്ടി വന്നിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.