കുറ്റിക്കാട്ടൂരിന്റെ കുരുക്കഴിയുമോ?

കുറ്റിക്കാട്ടൂർ: അനുദിനം വാഹനത്തിരക്കേറുന്ന കുറ്റിക്കാട്ടൂരിന്റെ കുരുക്കഴിക്കാൻ പദ്ധതി വരുന്നു. സംസ്ഥാന ബജറ്റിൽ ഇതിനായി ഒരു കോടി രൂപ വകയിരുത്തി. കുറ്റിക്കാട്ടൂർ ജങ്ഷൻ വിപുലീകരിക്കാനാണ് പദ്ധതി. കുറ്റിക്കാട്ടൂർ അങ്ങാടിയിൽ, പ്രത്യേകിച്ചും വൈകുന്നേരങ്ങളിൽ മണിക്കൂറുകൾ നീളുന്ന വാഹനക്കുരുക്കാണ്. ചില ദിവസങ്ങളിൽ കുരുക്കഴിയാൻ മൂന്നും നാലും മണിക്കൂറുകളെടുക്കും. പെരിങ്ങളം റോഡ് സന്ധിക്കുന്ന, അങ്ങാടിയുടെ കിഴക്കുഭാഗത്തും മുണ്ടുപാലം റോഡ് വന്നുചേരുന്ന അങ്ങാടിയുടെ പടിഞ്ഞാറുഭാഗത്തുമാണ് കുരുക്ക് മുറുകുക. ഈ ഭാഗത്തുതന്നെയാണ് ഇരുഭാഗത്തേക്കുമുള്ള ബസ് സ്റ്റോപ്പുകൾ. ആളെ ഇറക്കാനും കയറ്റാനും ബസുകൾ നിർത്തുകകൂടി ചെയ്യുന്നതോടെ അഴിക്കാനാകാത്ത കുരുക്കായിമാറും. ആൾത്തിരക്കും വാഹനത്തിരക്കും അങ്ങാടിയെ അക്ഷരാർഥത്തിൽ വീർപ്പുമുട്ടിക്കാറുണ്ട്. പൊലീസും സന്നദ്ധപ്രവർത്തകരും നാട്ടുകാരും മണിക്കൂറുകൾ പരിശ്രമിച്ചാണ് കുരുക്ക് അഴിക്കുക. ഇതിനിടക്ക് മെഡിക്കൽ കോളജിലേക്ക് രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകളും കുരുക്കിൽപെടും. നിരന്തര ആവശ്യങ്ങളെ തുടർന്നാണ് ജങ്ഷൻ വിപുലപ്പെടുത്താൻ പദ്ധതി വരുന്നത്. ഇതിനായി സ്ഥലം ഏറ്റെടുക്കുന്നതടക്കം പ്രവൃത്തികൾ നടത്താനുണ്ട്. മാമ്പുഴപ്പാലം പുതുക്കിപ്പണിയാനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.