കാഫിർ സ്ക്രീൻഷോട്ട്: കാസിമിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കയച്ചു

വടകര: വടകര ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച കാഫിർ സ്ക്രീൻഷോട്ട് കേസിൽ പരാതിക്കാരനായ എം.എസ്.എഫ് ജില്ലാ സെക്രട്ടറി പി.കെ കാസിമിന്റെ ഫോൺ അന്വേഷണ സംഘം ഫോറൻസിക് പരിശോധനക്കയച്ചു. വിവാദ പോസ്റ്ററുകൾ ഉണ്ടാക്കുകയോ പ്രചരിപ്പിക്കു​കയോ ചെയ്തിട്ടുണ്ടോ എന്നറിയാനാണ് പരിശോധന.

കാസിമിന്റെ പേരിലായിരുന്നു കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സൃഷ്ടിച്ചിരുന്നത്. എന്നാൽ, താൻ ഇങ്ങനെ ഒരു സ​ന്ദേശം അയച്ചിട്ടില്ലെന്നും തന്നെയും യു.ഡി.എഫിനെയും അപകീർത്തിപ്പെടുത്താൻ മറ്റാരോ സൃഷ്ടിച്ചതാണ് ഇതെന്നും കാസിം തുടക്കം മുതൽ വ്യക്തമാക്കിയിരുന്നു. തന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് സന്ദേശം സൃഷ്ടിച്ചവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ മുഹമ്മദ് ഷാ മുഖേന ഹൈകോടതിയില്‍ ഹരജി നല്‍കുകയും ചെയ്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് സി.പി.എം സൈബർ കേന്ദ്രങ്ങളാ​ണെന്ന് പൊലീസ് കണ്ടെത്തി. ഈ റിപ്പോർട്ട് ഹൈക്കോടതിയില്‍ സമർപ്പിക്കുകയും ചെയ്തു. ഡി.​വൈ.എഫ്.ഐ നേതാവ് റിബേഷാണ് ആദ്യം പുറത്തുവിട്ടതെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ, ആരാണ് ഇത് സൃഷ്ടിച്ചതെന്ന് അറിയില്ലെന്ന് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

അതിനിടെ, കേസിൽ വ്യാജരേഖ ചമക്കൽ, മതസ്പർധയുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തണമെന്ന ഹരജിക്കാരന്റെ ആവശ്യം അന്വേഷണസംഘം പരിഗണിക്കണമെന്ന് ഹൈകോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതുവരെയുള്ള അന്വേഷണം പ്രഥമദൃഷ്ട്യാ ശരിയായ ദിശയിലാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. അന്വേഷണം ഫലപ്രദമല്ലെന്ന് കാട്ടി കാസിം നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വ്യാജരേഖ ചമച്ച് അതുപയോഗിച്ച് മതസൗഹാർദം തകർക്കലായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യമെന്നാണ് ഹരജിയിൽ ആരോപിക്കുന്നത്.

അന്വേഷണം ഉചിത രീതിയിലാണെങ്കിലും ചില കുറ്റങ്ങൾ ചേർത്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൂടുതൽ വിവരങ്ങൾ നൽകാൻ സാധ്യതയുള്ളയാളുടെ പേര് ഒരു സാക്ഷി പരാമർശിച്ചെങ്കിലും ഇയാളെ ചോദ്യംചെയ്തിട്ടില്ല. ഇയാളെ ചോദ്യം ചെയ്തിരുന്നെങ്കിൽ ചില സൂചനകൾ ലഭിക്കുമായിരുന്നു. എങ്കിലും അന്വേഷണം നടക്കുന്നതിനാൽ ഇപ്പോൾ പുതിയ നിർദേശങ്ങൾ നൽകുന്നില്ല. പലരുടെയും മൊബൈൽ ഫോൺ കണ്ടുകെട്ടിയിട്ടുണ്ടെന്നും ഇവയുടെ ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസിലും അന്വേഷണം ശരിയായ ദിശയിലാണ്. എന്നാൽ, പോസ്റ്റിട്ടവരെ പ്രതിയാക്കിയിട്ടില്ലെന്നും പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു. പൊലീസ് അവർക്ക് ചെയ്യാവുന്നതെല്ലാം ചെയ്യുന്നില്ലേയെന്ന് ഈ ഘട്ടത്തിൽ കോടതി ആരാഞ്ഞു. പരിമിതികൾ മനസ്സിലാക്കാം. മെറ്റയെ കക്ഷി ചേർത്തിട്ടുണ്ടെങ്കിലും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തയാൾക്ക് അത് നീക്കംചെയ്യാവുന്നതല്ലേയെന്നും ചോദിച്ചു. ഹരജിക്കാരനെതിരെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചതും കോടതി എടുത്തുപറഞ്ഞു. ഹരജി വീണ്ടും സെപ്റ്റംബർ ആറിന് പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Kafir screenshot: Kasim's phone sent for forensic examination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.