കോഴിക്കോട്: 250 രോഗികള്‍ക്ക് അന്യൂറിസം കോയിലിങ് ചികിത്സ വിജയകരമായി പൂർത്തീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗമാണിത്. തലയോട്ടിയോ തലച്ചോറോ തുറക്കാതെ പിന്‍ഹോള്‍ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിങ് ചികിത്സയാണ് 250 രോഗികള്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കിയത്. റേഡിയോളജി വിഭാഗത്തിന് കീഴില്‍ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി യൂനിറ്റിലാണ് നൂതന അന്യൂറിസം കോയിലിങ് ചികിത്സ നൽകിയത്.
സങ്കീര്‍ണതകള്‍ ഒഴിവാക്കാനും വേഗത്തില്‍ രോഗമുക്തി നേടാനും ഈ ചികിത്സയിലൂടെ സാധിക്കുന്നു. നൂതനമായ ചികിത്സ പരമാവധി രോഗികള്‍ക്ക് ലഭ്യമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ മുഴുവന്‍ ടീമിനെയും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. സംസ്ഥാനത്ത് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറമെ, ഇത്രയും രോഗികള്‍ക്ക് ചികിത്സ നല്കിയ ഏക സ്ഥാപനമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്.
സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തിന് മുകളില്‍ ചെലവ് വരുന്ന ചികിത്സ സര്‍ക്കാര്‍ പദ്ധതികളിലൂടെ സൗജന്യമായാണ് മെഡിക്കല്‍ കോളജില്‍ ചെയ്തുകൊടുക്കുന്നത്. പ്രിന്‍സിപ്പല്‍ ഡോ. കെ.ജി. സജീത് കുമാര്‍, സൂപ്രണ്ട് ഡോ. ശ്രീജയന്‍ എം.പി എന്നിവരുടെ ഏകോപനത്തില്‍ റേഡിയോളജി വിഭാഗം മേധാവി ഡോ. ദേവരാജന്‍, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. രാധ, ന്യൂറോളജി വിഭാഗം മേധാവി ഡോ. ബീന വാസന്തി, മെഡിസിന് വിഭാഗം മേധാവി ഡോ. ജയേഷ്, ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജിസ്റ്റ് അസി പ്രഫ. ഡോ. രാഹുല്‍ കെ.ആര്., ഡോ. പ്രസാദ്, റേഡിയോഗ്രാഫര്‍മാരായ ബെന്നി, രഞ്ജിത്ത്, പ്രദീപ്, അച്യുത്, നഴ്സുമാരായ റീന, ജിസ്നി, അപര്‍ണ, അനുഗ്രഹ് എന്നിവരാണ് ചികിത്സ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.