കോഴിക്കോട്: മെഡിക്കൽ കോളജിൽ റോഡ് മുറിച്ചു കടക്കുന്നതിനായി നിർമിച്ച ഫൂട്ട് ഓവർ ബ്രിഡ്ജ് തുരുമ്പെടുത്ത് അപകടാവസ്ഥയിൽ. തുരമ്പെടുത്ത് ദ്രവിച്ച് തുടങ്ങിയ പാലം ഏത് നിമിഷവും തകർന്നുവീഴുന്ന അവസ്ഥയിലാണ്. മാത്രമല്ല നടപ്പാലത്തിന്റെ അടിഭാഗത്ത് വിരിച്ച ഷീറ്റ് പൊട്ടി കാൽനടക്കാരുടെ കാൽ കുടുങ്ങിപ്പോവുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്.
22 വർഷത്തിലധികം പഴക്കമുള്ള പാലം യഥാസമയം അറ്റകുറ്റപ്പണി നടത്താറില്ല. പാലത്തിന് തകർച്ച ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി ജീവനക്കാരും സന്നദ്ധ പ്രവർത്തകരും നേരത്തെ മെഡിക്കൽ കോളജ് അധികൃതർ, പിഡബ്ല്യു.ഡി, കോർപറേഷൻ മേയർ എന്നിവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, പാലം ശക്തിപ്പെടുത്തുന്നതിനോ അടച്ചിടുന്നതിനോ നടപടി സ്വീകരിച്ചിട്ടില്ല. ഗതാഗതത്തിരക്കേറിയ ഭാഗത്ത് റോഡിന് കുറുകെയുള്ള പാലം പൊട്ടിവീണാൽ അത് വലിയ ദുരന്തത്തിനിടയാക്കുമെന്ന് നാട്ടുകാരും ആശുപത്രി ജീവനക്കാരും ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പാലം സാമൂഹിക വിരുദ്ധരുടെ താവളമായും മാറിയിട്ടുണ്ട്.
മെഡിക്കൽ കോളജിന് സമീപത്തെ വ്യാപാരികളുടെ സഹകരണത്തോടെ സ്വകാര്യ എൻ.ജി.ഒ അസോസിയേഷൻ നിർമിച്ച പാലം പിന്നീട് കേർപറേഷന് കൈമാറുകയായിരുന്നു.
പാലത്തിൽ വലിയ വിള്ളലുകൾ വരുമ്പോൾ സമീപത്തെ വ്യാപാരികൾ മരപ്പലകകളും മറ്റും കൊണ്ടുവന്ന് താൽക്കാലികമായി അടക്കുന്നതൊഴിച്ചാൽ മറ്റ് അറ്റകുറ്റപ്പണികളൊന്നും നടക്കുന്നില്ല.
മെഡിക്കൽ കോളജ് ജീവനക്കാരുടെ പരാതിയിൽ കഴിഞ്ഞ വർഷം സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും പാലം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇതിന്റെ അടിസ്ഥാനത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.