ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ്: സമരസഹായ സമിതിയുടെ ബഹുജന മാർച്ച്‌ ഇന്ന്

കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിനിരയായവർക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രൂപവത്കരിച്ച സമരസഹായ സമിതിയുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച വൈകീട്ട് കുറ്റ്യാടിയിൽനിന്ന് കുളങ്ങരത്താഴയിലേക്ക് റാലി നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊതുയോഗത്തോടെ സമാപിക്കും. പൊതുയോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിക്കും. പതിനഞ്ചാം തീയതി മുതൽ സമരത്തിന് സമരസഹായ സമിതി നേതൃത്വം കൊടുക്കും. പണമായും പൊന്നായും വൻതുകയുടെ നിക്ഷേപങ്ങൾ സ്വീകരിച്ച ജ്വല്ലറിയുടെ കുറ്റ്യാടി, പയ്യോളി, കല്ലാച്ചി ശാഖകൾ അടച്ചുപൂട്ടി ഉടമകൾ മുങ്ങുകയായിരുന്നു. 36 ദിവസമായി കുളങ്ങരത്താഴയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരപരിപാടികൾ നടന്നുവരുന്നു. വാർത്തസമ്മേളനത്തിൽ സമരസഹായ സമിതി ചെയർമാൻ ശ്രീജേഷ് ഊരത്ത്, കൺവീനർ എ.എം. റഷീദ്, എം.കെ. ശശി, ഇ. മുഹമ്മദ്‌ ബഷീർ, ആക്ഷൻ കമ്മിറ്റി കൺവീനർ പി. സുബൈർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.