ട്രഷറി മാറ്റം: ശമ്പളം തടസ്സപ്പെട്ടു

കുന്ദമംഗലം: ട്രഷറി മാറ്റത്തെത്തുടർന്ന് കുന്ദമംഗലം, പെരുവയൽ, കുരുവട്ടൂർ പഞ്ചായത്തുകളിലെ അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും ശമ്പളം തടസ്സപ്പെട്ടു. നിരവധി സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമാണ് മാർച്ചിലെ ശമ്പളം മുടങ്ങിയത്. കുന്ദമംഗലത്ത് പുതുതായി സബ് ട്രഷറി വന്നപ്പോൾ, കൊടുവള്ളി സബ് ട്രഷറിയുടെ ഭാഗമായിരുന്ന കുന്ദമംഗലം, കുരുവട്ടൂർ പഞ്ചായത്തുകളിലെയും കോഴിക്കോട് പുതിയറ ട്രഷറിയുടെ ഭാഗമായിരുന്ന മാവൂർ, പെരുവയൽ പഞ്ചായത്തുകളിലെയും സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും ആനുകൂല്യങ്ങളുമാണ് തടസ്സപ്പെട്ടത്. ജീവനക്കാരുടെ ഡി.ഡി.ഒ കോഡ്, പാസ്‌വേഡ്, യൂസർ നെയിം എന്നിവയെല്ലാം മറ്റേണ്ടതുണ്ട്. മാർച്ച് അവസാന ദിവസങ്ങളിലാണ് ഏപ്രിൽ മുതൽ ഈ നാല് പഞ്ചായത്തുകളിലേയും എല്ലാ ഇടപാടുകളും കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ പുതുതായി ആരംഭിച്ച സബ് ട്രഷറിയിലേക്ക് മാറ്റിയ വിവരം ജീവനക്കാരും അധ്യാപകരും അറിയുന്നത്. അന്ന് മുതൽ ഓഫിസ് അധികൃതർ ബിൽ ശരിയാക്കാനുള്ള നെട്ടോട്ടവും തുടങ്ങി. വിഷു, പെരുന്നാൾ, ഈസ്റ്റർ ആഘോഷങ്ങൾ തൊട്ടുമുന്നിൽ എത്തിനിൽക്കുമ്പോൾ ജീവനക്കാരുടെ ശമ്പളം തടസ്സപ്പെട്ടത് ആഘോഷങ്ങളുടെ പൊലിമ കുറക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.