പൂനൂർ: കേരളത്തിൽ പാലം നിർമാണത്തിന് നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഉണ്ണികുളം, താമരശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൂനൂർ കാന്തപുരം കരുവാറ്റക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലം നിര്‍മാണത്തിന് പുതിയ സാങ്കേതിക വിദ്യയായ ‘അള്‍ട്രാ ഹൈ പെര്‍ഫോമന്‍സ് ഫൈബര്‍ റീ ഇന്‍ഫോസ്ഡ് കോണ്‍ക്രീറ്റ് ടെക്നോളജി’ ഉപയോഗപ്പെടുത്തുമ്പോൾ സാധാരണ കോണ്‍ക്രീറ്റിനേക്കാള്‍ കൂടുതല്‍ ബലവും ഈടും ലഭിക്കും. പൂഴിക്ക് പകരം മൈക്രോ സിലിക്കയും സ്റ്റീൽ ഫൈബറുകളും സിലിക്കയും ഫ്ലൈ ആഷും ഉപയോഗിക്കുന്നതിനാൽ കൂടുതൽ പ്രകൃതി സൗഹൃദമാവുമെന്നും കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മലപ്പുറത്ത് തിരുന്നാവായ പാലം നിര്‍മാണത്തിന് ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും. കേരളത്തില്‍ ഈ സാങ്കേതിക വിദ്യ വ്യാപകമാക്കുന്നതിന് പ്രത്യേക പഠനം നടത്തുന്നുണ്ട്. കാലാവസ്ഥയെ അതിജീവിക്കുന്ന കരുത്തുറ്റ റോഡ് നിർമാണം ലക്ഷ്യം വെച്ച് എഫ്.ഡി.ആർ ടെക്നോളജി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ബാലുശ്ശേരി, കൊടുവള്ളി മണ്ഡലങ്ങളെ ബന്ധിപ്പിച്ച് മൂന്നരക്കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കരുവാറ്റക്കടവ് പാലം 2025 ൽ പ്രവൃത്തി പൂർത്തിയാക്കുമെന്നും മന്ത്രി റിയാസ് അറിയിച്ചു. കെ.എം. സച്ചിൻ ദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ മുഖ്യാതിഥിയായി. നജീബ് കാന്തപുരം എം.എൽ.എ, വി.എം. ഉമർ മാസ്റ്റർ, വി.കെ. അനിത, ഇന്ദിര ഏറാടിയിൽ, എ. അരവിന്ദൻ, എം.കെ. നിജില്‍ രാജ്, ഐ.പി. രാജേഷ്, കെ.കെ. അബ്ദുല്ല, ബിച്ചു ചിറക്കൽ, ഷബ്ന ആറങ്ങാട്ട്, പി. സാജിത, സി.പി. കരീം മാസ്റ്റർ, സി.പി. റംല ഖാദർ ടി.സി. രമേശൻ, അഹമ്മദ് കുട്ടി ഉണ്ണികുളം, എൻ.എച്ച്. റഫീഖ്, ടി. മുഹമ്മദ് വള്ളിയോത്ത്, പി.കെ. കണാരു, ഫായിസ് കാന്തപുരം, അജിത്ത് കുമാർ, എൻ.വി. ഷിനി എന്നിവർ സംസാരിച്ചു. പാലം വിഭാഗം എക്സി. എൻജിനീയർ സി.എസ്. അജിത്ത് സ്വാഗതവും അസി. എൻജിനീയർ കെ.എസ്. അരുൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.