നാദാപുരം: ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും ഒച്ചിന്റെ വേഗത്തിൽ വിലങ്ങാട്ടെ പുനരധിവാസം. 2019 ആഗസ്ത് എട്ടിന് നടന്ന ഉരുൾപൊട്ടൽ ദുരന്തത്തിന്റെ അഞ്ചാം വാർഷികം പൂർത്തിയാകാൻ ആഴ്ച മാത്രം ബാക്കി നിൽക്കെയാണ് ജൂലൈ 31ന് രണ്ടാം ഉരുൾപൊട്ടൽ സംഭവിക്കുന്നത്.
അന്നത്തെ പുനരധിവാസ പദ്ധതിപോലും പൂർത്തിയായില്ല. വിലങ്ങാട് ആലിമൂലയിലുണ്ടായ ഉരുൾപൊട്ടലിൽ അന്ന് നാലുപേർക്കാണ് ജീവൻ നഷ്ടമായത്. 20ലധികം വീടുകൾ പൂർണമായും തകർന്നു. ഏക്കർ കണക്കിന് കൃഷിഭൂമി നഷ്ടമാവുകയും ചെയ്തു.
പുതിയ ഉരുൾപൊട്ടലിൽ താമസത്തിന് ഭീഷണി നേരിടുന്ന 316 വീടുകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 26ലധികം വീടുകൾ ആലിമൂലയിലാണ്. 2019ലെ ഉരുൾപൊട്ടലിൽ ആദിവാസികൾ താമസിച്ചിരുന്ന അടുപ്പിൽ ഉന്നതിയിലും വ്യാപക നാശമുണ്ടായിരുന്നു. അപകടഭീഷണി കാരണം ഇവിടെ താമസിച്ചിരുന്ന 67 കുടുംബങ്ങളെ മൂന്നു കിലോമീറ്റർ അകലെയുള്ള പയനംകൂട്ടത്തേക്ക് മാറ്റിപ്പാർപ്പിക്കാൻ ജില്ല ഭരണകൂടം തീരുമാനിക്കുകയായിരുന്നു. അഞ്ചു വർഷംകൊണ്ട് 38 വീടുകളുടെ നിർമാണം മാത്രമാണ് ഇതുവരെ പൂർത്തിയായത്. ബാക്കി വീടുകളുടെ നിർമാണം പാതിവഴിയിലാണിപ്പോഴും.
നാലാഴ്ച മുമ്പുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് അടുപ്പിൽ ഉന്നതിയിലെ ആദിവാസികളെയും പുനരധിവാസത്തിന്റെ ഭാഗമായി നിർമാണം നടക്കുന്ന വീടുകളിലേക്കാണ് മാറ്റിയിരുന്നത്. ക്യാമ്പുകളെല്ലാം പിരിച്ചുവിട്ടതോടെ അപകടാവസ്ഥയിലുള്ള പഴയ വാസസ്ഥലത്തുതന്നെയാണ് ഇവർ കഴിയുന്നത്. ഇവർക്ക് കുടിവെള്ള വിതരണ സംവിധാനമില്ലാത്തതും വെല്ലുവിളിയാണ്.
വിലങ്ങാട്ടെ വിവിധ മലമുകളിൽ താമസിക്കുന്നവരും പുഴയോരത്ത് താമസിക്കുന്നവരും ഒരുപോലെ അപകടാവസ്ഥയുടെ വക്കിലാണ് കഴിയുന്നത്. വയനാട്ടിൽ മാറിത്താമസിക്കാൻ കണ്ടെത്തുന്ന വാടക വീടുകൾക്ക് 6000 രൂപ സർക്കാർ സഹായമായി അനുവദിച്ചിട്ടുണ്ടെങ്കിലും വിലങ്ങാട് ഈ ആനുകൂല്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
അതിനാൽ വാടക വീടുകൾ കണ്ടെത്തുന്നതിനും പ്രയാസം നേരിടുകയാണ്. ഒരു പ്രദേശത്തിന്റെ ചുറ്റുപാട് മുഴുവൻ അപകടാവസ്ഥയിലാണെന്ന് മുന്നറിയിപ്പ് വന്നിട്ടും സമഗ്ര പദ്ധതി നടപ്പാക്കാൻ സർക്കാർ സംവിധാനം താൽപര്യം കാണിക്കുന്നില്ലെന്ന വ്യാപക പരാതിയാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.