കോഴിക്കോട്: കനോലി കനാലിന്റെ കരയിൽ അപകടം പതിയിരിക്കുന്നു. എരഞ്ഞിപ്പാലം -കാരപ്പറമ്പ്-സരോവരം റോഡിൽ കനാലിന്റെ മതിലിന് ഉയരമില്ലാത്തതും എരഞ്ഞിക്കൽ മുതൽ മൂര്യാട് വരെ വിവിധയിടങ്ങളിൽ മതിൽ ഇടിയുന്നതുമാണ് അപകടാവസ്ഥക്കിടയാക്കുന്നത്. പൊതുമരാമത്ത് റോഡ് നവീകരിച്ച് ഉയർത്തിയപ്പോൾ ഇറിഗേഷൻ കെട്ടിയ കനാലിന്റെ മതിൽ ഉയർത്തി കെട്ടാത്തതാണ് പ്രശ്നമാകുന്നത്.
മുട്ടുകാൽ വരെ മാത്രമേ പലയിടത്തും ഉയരമുള്ളൂ. വർഷങ്ങളായി സ്ഥിതി തുടരുന്നുവെങ്കിലും ഒരുമാറ്റവുമുണ്ടായില്ല. കാൽ തെറ്റിയാൽ കനാലിലേക്ക് മറിഞ്ഞുവീഴുന്ന അവസ്ഥയാണ്. തണൽമരങ്ങൾ വലുതായി കനാലിനോട് ചേർന്ന കരിങ്കൽ മതിൽ ഇടിയുന്നതിനും കാരണമാകുന്നു. കനാൽ സിറ്റി പദ്ധതി പരിഗണനയിലുള്ളതിനാൽ മതിൽ നന്നാക്കുന്നതടക്കമുള്ള മറ്റു വികസനമൊന്നും മുന്നോട്ട് കൊണ്ടുപോവാനാവുന്നില്ല. ഇറിഗേഷൻ വകുപ്പിനാണ് കനാലിന്റെ സംരക്ഷണ ചുമതലയെങ്കിലും അവർ കാര്യമായൊന്നും ചെയ്യുന്നില്ലെന്നാണ് പരാതി. എരഞ്ഞിക്കൽ ബസാറിനും കുണ്ടുപറമ്പിനുമിടയിൽ കൈപ്പുറത്ത് മതിൽ ഇടിയുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ കോർപറേഷൻ കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇവിടെ റോഡിൽ ബൈക്ക് പോലും അപകടത്തിൽ പെടുന്ന അവസ്ഥയാണ്. കനോലി കനാലിലേക്ക് വലിയ വിടവുകളിലൂടെ മണ്ണ് ഒലിച്ചിറങ്ങുന്ന അവസ്ഥയുണ്ട്. വിജനമായ ഈ ഭാഗത്ത് ബൈക്കിൽ പോവുന്നവർ കനാലിൽ വീണാൽ പുറത്തറിയാൻ പോലുമാവാത്ത സ്ഥിതിയുണ്ട്. ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ല.
എരഞ്ഞിക്കൽ പാലം കഴിഞ്ഞ് നിരവധിയിടത്ത് പ്രശ്നമുണ്ടെന്ന് കോർപറേഷൻ കൗൺസിലർ വി.പി. മനോജ് പറഞ്ഞു. മതിലിടിഞ്ഞാൽ വാഹനമടക്കം കനാലിൽ പോവും. കനാലിലെ പായൽ ലക്ഷങ്ങളുടെ കരാറിൽ നീക്കുന്നതല്ലാതെ കനാലിനോട് ചേർന്ന് വളരുന്ന മരങ്ങൾ കാലാകാലങ്ങളിൽ നീക്കാത്തതാണ് ഇന്നത്തെ സ്ഥിതിക്ക് കാരണമെന്ന് കൗൺസലർ കെ.പി. രാജേഷ് കുമാർ പറഞ്ഞു.
കല്ലായിപ്പുഴ മുതൽ കോരപ്പുഴ വരെയുള്ള കനാലിന്റെ 11.2 കി.മീറ്ററിലെ ചളി ലക്ഷങ്ങൾ ചെലവിട്ട് നീക്കം ചെയ്തതും ‘ഓപറേഷൻ കനോലി കനാൽ’ എന്ന പേരിൽ ജില്ല ഭരണകൂടം, കോഴിക്കോട് നഗരസഭ, എന്നിവയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ മുമ്പ് കനാൽ ശുചീകരിച്ചതാണ് കാര്യമായി നടന്ന പ്രവൃത്തികൾ. കനാൽ 14 മീറ്റര്‍ വീതിയില്‍ നവീകരിച്ച് ജലപാതയാക്കി മാറ്റാനുള്ള കനാൽ സിറ്റി പദ്ധതി കടലാസിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.