സമൃദ്ധിയുടെ നിറക്കാഴ്ചയൊരുക്കി കണിവെള്ളരി പാടങ്ങൾ

കുന്ദമംഗലം: പച്ചക്കറിക്കും ഓണത്തിന് പൂവിനും തമിഴ്നാട് ഉൾപ്പെടെയുള്ള ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോൾ കണിവെള്ളരിക്ക് ആശ്രയമായി പൈങ്ങോട്ടുപുറം, കുറ്റിക്കാട്ടൂർ, പെരുവയല്‍, ചാത്തമംഗലം പ്രദേശം. വിഷു വിപണി ലക്ഷ്യമാക്കി നടത്തുന്ന കണിവെള്ളരി കൃഷി ഫെബ്രുവരി മാസത്തോടെയാണ് തുടങ്ങുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കണിവെള്ളരി കൃഷിചെയ്യുന്നത് ഇവിടങ്ങളിലാണ്. കോഴിക്കോട് പാളയം പച്ചക്കറി മാര്‍ക്കറ്റിലേക്ക് കയറ്റുമതി ചെയ്യുകയാണ് പതിവ്. പാളയത്തുനിന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് കയറ്റി അയക്കും. വിവിധ ജില്ലകളില്‍നിന്നുള്ള കച്ചവടക്കാര്‍ ഇവിടെ വന്ന് നേരിട്ട് കച്ചവടമുറപ്പിക്കുന്നുമുണ്ട്. പ്രാദേശിക പച്ചക്കറി വിപണികള്‍, വിഷു വിപണി ലക്ഷ്യമാക്കി സ്വാശ്രയസംഘങ്ങള്‍ എന്നിവയെല്ലാം കര്‍ഷകരിൽനിന്ന് വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഇടങ്ങളുമുണ്ട്. കുന്ദമംഗലം പഞ്ചായത്തിലെ പൈങ്ങോട്ടുപുറം, പെരുവയല്‍ പഞ്ചായത്തിലെ കുറ്റിക്കാട്ടൂര്‍ തുടങ്ങി സമീപ പഞ്ചായത്തുകളിലെ സ്ഥലങ്ങളിലാണ് കൂടുതലായി കണിവെള്ളരി കൃഷിചെയ്യുന്നത്. ആദ്യകാലങ്ങളില്‍ ഒറ്റപ്പെട്ട രൂപത്തിലായിരുന്നു വെള്ളരി കൃഷി ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഹെക്ടര്‍കണക്കിന് സ്ഥലങ്ങളിലാണ് കൃഷി. പൈങ്ങോട്ടുപുറത്ത് ഏക്കര്‍ കണക്കിന് സ്ഥലത്താണ് വെള്ളരി കൃഷി ​ചെയ്യുന്നത്. എടവലത്ത് മമ്മദ് കോയഹാജി, സി.പി. മരക്കാരുട്ടി, ടി.എം. മുഹമ്മദ് തുടങ്ങിയവരാണ് പ്രധാന കര്‍ഷകര്‍. രാവിലെയും വൈകീട്ടും നനയും ഒപ്പം കോഴി വളം, രാസവളം, ചാണകം തുടങ്ങിയവയുമാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.