വി. വസീഫ് കോഴിക്കോടിന്‍റെ അഭിമാനം

കോഴിക്കോട്​: ഡി.വൈ.എഫ്​.ഐ സംസ്​ഥാന പ്രസിഡന്‍റായി തെരഞ്ഞെടുത്ത വി. വസീഫ്​ കോഴിക്കോട്ടെ പോരാട്ടഭൂമിയിലെ നിറസാന്നിധ്യമാണ്​. വെസ്റ്റ് ഹിൽ എൻജിനീയറിങ് കോളജ് മെറിറ്റ് അട്ടിമറിച്ചതിന് എതിരെയുള്ള സമരം ഉൾപ്പെടെ നിരവധി സമരങ്ങളുടെ ഭാഗമായി 66 ദിവസം ജയിൽവാസം അനുഭവിച്ചു. എഫ്​.എം.എച്ച്​.എസ്​.എസ് കൂമ്പാറയിൽ കോമേഴ്സ് വിഭാഗത്തിൽ ഹയർ സെക്കൻഡറി അധ്യാപകനായ വസീഫ്​, സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗവും കൊടിയത്തൂർ സർവിസ് സഹകരണ ബാങ്ക്​ പ്രസിഡന്‍റുമാണ്​. ബാലസംഘം പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തനത്തിലേക്ക് കടന്നു. ബാലസംഘം ഏരിയ പ്രസിഡന്‍റ്​, ജില്ല കമ്മിറ്റി അംഗം എന്നീ നിലയിൽ പ്രവർത്തിച്ചു. എസ്.എഫ്.ഐ എം.എ.എം.ഒ കോളജ് യൂനിറ്റ് സെക്രട്ടറി, യൂനിയൻ ഭാരവാഹി, തുടർന്ന് എസ്.എൻ കോളജ് ചേളന്നൂരിൽ എം.എഡ്​ പഠിക്കുമ്പോൾ കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ, എസ്.എഫ്.ഐ ജില്ല പ്രസിഡന്‍റ്​, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലയിലും പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ സൗത്ത്​ കൊടിയത്തൂർ യൂനിറ്റ് സെക്രട്ടറി, കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്,​ സെക്രട്ടറി, തിരുവമ്പാടി ബ്ലോക്ക് ട്രഷറർ, സെക്രട്ടറി കോഴിക്കോട് ജില്ല ട്രഷറർ, പ്രസിഡന്‍റ്​ സെക്രട്ടറി, സംസ്ഥാന ജോ.സെക്രട്ടറി എന്നീ നിലയിലും പ്രവർത്തിച്ചു. എം.എ.എം.ഒ കോളജ് കോഴിക്കോട്, സി.എം.എസ്​ കോളജ്, ഫാറൂഖ് കോളജ്, എസ്​.എൻ കോളജ് എന്നിവിടങ്ങളിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡ്, എം.എഡ് എന്നിവയും നേടി. കൊടിയത്തൂർ പഞ്ചായത്തിൽ വിദ്യാഭ്യാസ വകുപ്പിൽനിന്ന് അക്കൗണ്ട് ഓഫിസറായി വിരമിച്ച വളപ്പിൽ വീരാൻകുട്ടിയുടെയും വഹീദയുടെയും മകനാണ്. തിരുവനന്തപുരത്ത് ഗവ. ഹോമിയോ കോളജിൽ എം.ഡി പഠിക്കുന്ന ഡോ. അർഷിദയാണ്​ ഭാര്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.