വിസ്മയക്കാഴ്ചകളുമായി രാഗം ഒന്നാം ദിനം

ചാത്തമംഗലം: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക മേളയായ രാഗത്തിന് കോഴിക്കോട് എൻ.ഐ.ടിയിൽ തുടക്കമായി. ആദ്യദിനത്തിൽ വിവിധ വിഭാഗങ്ങളിലുള്ള കലാകായിക മത്സരങ്ങൾക്ക് പുറമെ നിരവധി ശിൽപശാലകളും പ്രഭാഷണവും അരങ്ങേറി. രാഗത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഐ-ഇങ്കിന്റെ ഭാഗമായി 'ലൈംഗിക വിദ്യാഭ്യാസം' എന്ന വിഷയത്തിൽ സുമയ്യ തയ്യത്ത്, സ്വാതി ജഗദീഷ്, എഡ്വിൻ പീറ്റർ എന്നിവർ വിദ്യാർഥികളോട് സംവദിച്ചു. ഒമ്പതോളം ബാൻഡുകൾ അണിനിരന്ന 'സ്വരരാഗം' ആകർഷണീയമായി. ലാസ്യഭാവങ്ങളുടെ വിസ്മയക്കാഴ്ചകളുമായി രാഗം കലോത്സവ വേദിയിൽ ഭരതനാട്യം അരങ്ങേറി. ബാസ്കറ്റ്ബാൾ ടൂർണമെന്റ് -ഫ്യൂറി, മിസ്റ്റർ ആൻഡ് മിസിസ് രാഗം, അന്വേഷണബുദ്ധിയെ പരീക്ഷിക്കുന്ന ക്രൈംസീൻ ഇൻവെസ്റ്റിഗേഷൻ, വാദപ്രതിവാദങ്ങൾ ഏറ്റുമുട്ടുന്ന മോക്ക് കോർട്ട് തുടങ്ങി നിരവധി മത്സരങ്ങളിൽ വിദ്യാർഥികൾ മാറ്റുരച്ചു. സ്നേഹജ് ശ്രീനിവാസ് നടത്തിയ ക്യുസിങ് വർക് ഷോപ്പും പബ്ലിക് സ്പീക്കിങ്, കാർട്ടൂണിങ് തുടങ്ങിയ മറ്റനേകം വർക്‌ഷോപ്പുകളും നടന്നു. നീരജ് മാധവ്, ജോനിറ്റ ഗാന്ധി, വെൻ ചായ്മെറ്റ് ടോസ്റ്റ്, ഡി.ജെ കയാൻ തുടങ്ങിയവർ അണിനിരന്ന പ്രോ ഷോ നടന്നു. തുടർന്ന് നടന്ന ഫാഷൻഷോയോടുകൂടിയാണ് ആദ്യദിനം അവസാനിച്ചത്. മോഹിത് ചൗഹാൻ, ഡി.ജെ സ്വർടെക്സ് തുടങ്ങി പ്രമുഖർ പങ്കെടുക്കുന്ന സംഗീതനിശകളും മറ്റു കലാകായിക മത്സരങ്ങളുമാണ് ഞായറാഴ്ചയിലെ പ്രധാന ആകർഷണങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.