കല്ലുമ്മക്കായ വിത്ത് ശേഖരണം: നിർദേശങ്ങൾ കർശനമായി പാലിക്കണം

കോഴിക്കോട്​: കല്ലുമ്മക്കായ വിത്ത് ശേഖരണവും വിപണനവുമായി ബന്ധപ്പെട്ട് 2018 ൽ മത്സ്യബന്ധന തുറമുഖ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്ന മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ല കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം നിർദേശിച്ചു. കല്ലുമ്മക്കായ വിത്ത് വിപണനം നടത്തുന്ന ഇടനിലക്കാർ വളരെ ഉയർന്ന വില ഈടാക്കുന്നതായി കർഷകർ യോഗത്തിൽ പറഞ്ഞു. ഇതു കർഷകർക്ക് വലിയ തിരിച്ചടിയാകുന്നതായും അവർ ചൂണ്ടിക്കാണിച്ചു. കല്ലുമ്മക്കായ കൃഷിക്കായി ശേഖരിക്കുന്ന ചിപ്പി വിത്തിന്റെ വലുപ്പം 15 മില്ലി മീറ്ററിനും 25 മില്ലി മീറ്ററിനും ഇടയിലായിരിക്കണം. 25 മില്ലി മീറ്ററിൽ കൂടുതൽ വലുപ്പത്തിലുള്ള കല്ലുമ്മക്കായ ഒരു കാരണവശാലും ശേഖരിക്കുവാൻ പാടുള്ളതല്ല. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ മാത്രമേ വിത്ത് ശേഖരിക്കാൻ അനുമതിയുള്ളൂ. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ, കക്ക സഹകരണ സംഘങ്ങൾ, വിത്ത് ശേഖരണത്തിന് പ്രത്യേക പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പുകൾ എന്നിവർ മാത്രമേ ചിപ്പി വിത്ത് ശേഖരിക്കാൻ പാടുള്ളൂ. ഒരു ദിവസം പരമാവധി 200 കിലോഗ്രാം തൂക്കത്തിലുള്ള വിത്ത് മാത്രമേ ശേഖരിക്കാവൂ. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകേണ്ടി വരുമ്പോൾ സി.എം.എഫ്.ആർ.ഐ തയാറാക്കിയിരിക്കുന്ന ഗതാഗത രീതി അവലംബിക്കേണ്ടതാണ്. മത്സ്യത്തൊഴിലാളി സംഘങ്ങളോ കക്ക സഹകരണ സംഘങ്ങളോ പ്രത്യേകം പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളോ അവർ ശേഖരിച്ചു വിൽപന നടത്തുന്ന ചിപ്പി വിത്തിന്റെ തൂക്കം വലുപ്പം വിൽപനയിലൂടെ ലഭിച്ച തുക എന്നിവ സംബന്ധിച്ച വിവരങ്ങൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും ഇത് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പ്രകാരം ഹാജരാക്കേണ്ടതുമാണ്. ഫിഷറീസ് ഡയറക്ടർ അദീല അബ്ദുല്ല, ഡെപ്യൂട്ടി ഡയറക്ടർ പി.കെ. രഞ്ജിനി, അസി. ഡയറക്ടർ ബെൻസൺ, കല്ലുമ്മക്കായ കർഷകർ, മത്സ്യത്തൊഴിലാളികൾ, തീരദേശ വാർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.