പാലം പണി വീണ്ടും മുടങ്ങി; മുഴാപ്പാലത്തുകാർക്ക് തീരാദുരിതം 

മാവൂർ: തകർച്ചഭീഷണി നേരിട്ടതിനെ തുടർന്ന് പുനർനിർമാണത്തിനായി പൊളിച്ച പാലത്തിന്റെ പ്രവൃത്തി വീണ്ടും മുടങ്ങിയതോടെ ഒരു പ്രദേശം ദുരിതത്തിൽ. കണ്ണിപ്പറമ്പ് റോഡിൽ മാവൂർ-ചാത്തമംഗലം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുഴാപ്പാലത്തിനാണ് ശനിദശ മാറാത്തത്. പാലത്തിന്റെ നിർമാണ പ്രവൃത്തി തുടങ്ങിയിട്ട് ഒന്നര വർഷമായി. പാലം പൊളിച്ചശേഷം കരാറുകാരൻ മുങ്ങിയതോടെ നിർമാണം തുടങ്ങാൻ മാസങ്ങൾ വൈകി. പ്രതിഷേധത്തിനൊടുവിലാണ് പ്രവൃത്തി തുടങ്ങിയത്. പിന്നീട് നിർമാണം തുടങ്ങിയെങ്കിലും മന്ദഗതിയിലായിരുന്നു. രണ്ട് തൂണുകൾ മാത്രം പണിത് കരാറുകാർ സ്ഥലംവിട്ടിരിക്കുകയാണ്. ഇതോടെ, നാട്ടുകാരുടെ കാത്തിരിപ്പ് അനന്തമായി നീളുകയാണ്. 1.30 കോടി രൂപ ചെലവഴിച്ചാണ് പ്രവൃത്തി. നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയതുമുതൽ ഈ റൂട്ടിൽ ബസുകളടക്കം വഴിതിരിച്ചുവിട്ടിരിക്കുകയാണ്. വിദ്യാർഥികളടക്കം കിലോമീറ്റർ താണ്ടിയാണ് യാത്രചെയ്യുന്നത്. പ്രദേശത്തുകാർക്ക് അക്കരെയെത്താൻ ആകെയുള്ള വഴി രണ്ടടിമാത്രം വീതിയുള്ള താൽക്കാലിക നടപ്പാതയാണ്. കനത്ത മഴ പെയ്യുമ്പോൾ വെള്ളം കയറി ബണ്ടിന് മുകളിലൂടെയുള്ള കാൽനടയാത്രയും നിലക്കും. അതേസമയം, നിലവിലുള്ള കരാറുകാരനെ ടെർമിനേറ്റ് ചെയ്തതായി അഡ്വ. പി.ടി.എ. റഹീം എം.എൽ.എ അറിയിച്ചു. പ്രവൃത്തി പൂർത്തീകരിക്കുന്നതിന് പുതിയ കരാറുകാരനെ കണ്ടെത്തുന്നതിന് ടെൻഡർ ചെയ്തിട്ടുണ്ട്. ടെൻഡർ മേയ് ഏഴിന് തുറന്നുപരിശോധിക്കുമെന്നും എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.