ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ്: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണം

കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സമരസഹായ സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റ് 26നാണ് കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിൽ ശാഖകളുള്ള ജ്വല്ലറി ഒറ്റദിവസം കൊണ്ട് അടച്ചുപൂട്ടി ഉടമകൾ വിദേശത്തേക്കടക്കം രക്ഷപ്പെട്ടത്. 25 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് നിക്ഷേപകർ പറയുന്നു. കേസിലെ പ്രതികളെ മുഴുവൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മൂന്ന് ജ്വല്ലറികളിൽനിന്ന് കടത്തിയ സ്വർണം കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ആരോപിച്ചു. പൂട്ടുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ മൂന്നു ജ്വല്ലറികളിലമായി 20 കിലോയിലധികം സ്വർണം ഉണ്ടായിരുന്നുവെന്നാണ് നിക്ഷേപകർ കണക്കുകൂട്ടുന്നത്. പൂട്ടിയ കടകൾ പൊലീസ് തുറന്ന് പരിശോധിച്ചപ്പോൾ വളരെ കുറഞ്ഞ സ്വർണം മാത്രമേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളൂ. ഇതിനാൽ വലിയതോതിൽ സ്വർണം അവിടെനിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് അവർ പറയുന്നത്. പൂട്ടുന്നതിന്റെ തലേദിവസവും പൂട്ടുന്നദിവസവും ജ്വല്ലറി ഉടമകളുടെയും ജീവനക്കാരുടെയും ഒത്താശയോടെ നിരവധിപേർ ജ്വല്ലറിയിൽനിന്ന് സ്വർണം എടുത്തുകൊണ്ടുപോയതായും അത് തിരിച്ചുവാങ്ങാനുള്ള നടപടിയോ കൊണ്ടുപോയവരെ കണ്ടെത്താനോ പൊലീസിന് സാധിച്ചിട്ടില്ലെന്നും ആരോപിച്ചു. സംഭവം നടന്ന് ഒമ്പത് മാസം കഴിഞ്ഞിട്ടും തൊണ്ടിമുതൽ കണ്ടെത്താനാവാത്തത് ഇരകൾക്ക് നീതി നിഷേധിക്കപ്പെടാൻ കാരണമാകുമെന്നും കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. സമരസഹായ സമിതി ചെയർമാൻ ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ എ.എം. റഷീദ്, എം.കെ. ശശി, സി.എൻ. ബാലകൃഷ്ണൻ, പി.കെ. സുരേഷ്, സി.കെ. അബു, ഇ. മുഹമ്മദ് ബഷീർ, കെ.പി. അജിത്ത്, ടി.കെ. ബിജു, എൻ.സി. കുമാരൻ, എം.പി. കേളപ്പൻ, ആക്ഷൻ കമ്മിറ്റി നേതാക്കളായ ഇ.എ. റഹ്‌മാൻ, പി. ജിറാഷ്, പി. സുബൈർ, സലാം മാപ്പിളാണ്ടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.