വെള്ളക്കെട്ടിൽ വീണ കുഞ്ഞിനെ വിദ്യാർഥി രക്ഷപ്പെടുത്തി

കുറ്റ്യാടി: തളീക്കരയിൽ വെള്ളക്കെട്ടിൽ വീണ പിഞ്ചുകുഞ്ഞിന് പന്ത്രണ്ടുകാരനായ വിദ്യാർഥിയുടെ ധീരത തുണയായി. കൂട്ടൂർ മാങ്ങോട്ട്താഴ തോട്ടിലെ കല്ലരച്ചിക്കുണ്ടിൽ വീണ നാലുവയസ്സുകാരനെ ജീവൻ പണയംവെച്ചാണ് ഈ പന്ത്രണ്ടുകാരൻ പൊക്കിയെടുത്തത്. സമീപവാസിയായ കുട്ടമോത്ത് റഫീഖിന്റെ മകനാണ് നാലടിയോളം ഉയരത്തിലുള്ള വെള്ളത്തിൽ വീണത്. ഉച്ച സമയത്ത് വീട്ടുകാരറിയാതെ വെള്ളക്കെട്ടിന്റെ ഭാഗത്തേക്കു നടന്ന കുട്ടി കാലുതെറ്റി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. മിനിറ്റുകളോളം വെള്ളത്തിൽ കിടന്ന് പിടഞ്ഞ കുട്ടിയുടെ കൈ അതുവഴി വന്ന നിഹാദിന്റെ കണ്ണിൽപെടുകയായിരുന്നു. കൂടെയുള്ളവർ വരാൻ കാത്തുനിൽക്കാതെ നിഹാദ് എടുത്തുചാടി കുഞ്ഞിനെ കരക്കെത്തിച്ചു. സമയോചിതവും ഉത്തരവാദിത്തപൂർവമായ പ്രവർത്തനം നടത്തിയ നിഹാദിനെ നാട്ടുകാർ അഭിനന്ദിച്ചു. മാണിക്കോത്ത് റഹീമിന്റെയും അസ്മയുടെയും മകനായ നിഹാദ് നിലവിൽ കുറ്റ്യാടി എം.ഐ.യു.പി സ്കൂൾ ഏഴാം ക്ലാസ് കഴിഞ്ഞ വിദ്യാർഥിയാണ്. വെള്ളച്ചാട്ടംകൂടിയുള്ള തോട്ടിൽ വേനൽക്കാലത്ത് പരിസരപ്രദേശങ്ങളിൽനിന്നുപോലും ആളുകൾ കുളിക്കാനെത്തും. കഴിഞ്ഞ കോവിഡ് കാലത്ത് ഇവിടെ കുളിക്കുന്നത് ആരോഗ്യവകുപ്പും പഞ്ചായത്തും നിരോധിച്ചിരുന്നു photo: നിഹാദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.