പാറ ഉരുണ്ട സംഭവം: കൂമ്പാറയിൽ കരിങ്കൽ ഖനനത്തിനെതിരെ പ്രതിഷേധമുയരുന്നു പരിസ്ഥിതി ലോല പ്രദേശത്ത് പ്രവർത്തിക്കുന്നത് 12 ഓളം ക്വാറികൾ * ആനക്കല്ലുംപാറ ക്വാറിക്കെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി

തിരുവമ്പാടി: കൂടരഞ്ഞി കൂമ്പാറ ആനക്കല്ലുംപാറയിൽ കരിങ്കൽ ഖനനത്തിനെതിരെ പ്രതിഷേധമുയരുന്നു. ആനക്കല്ലുംപാറയിൽ ഭീമൻപാറ ഉരുണ്ടത് കഴിഞ്ഞദിവസം നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരുന്നു. വനഭൂമിയിലാണ് പാറ ഉരുണ്ടുനീങ്ങി നാശനഷ്​ടമുണ്ടായതെങ്കിലും ചെങ്കുത്തായ മലഞ്ചെരിവിൽ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലാണ്. 25 ഓളം കുടുംബങ്ങൾ ഇവിടെ കഴിയുന്നുണ്ട്. ആനക്കല്ലുംപാറ ക്വാറിയുടെ 300 മീറ്റർ അകലെയാണ് പാറ ഉരുണ്ടത്. വൻ സ്ഫോടനങ്ങളിലൂടെയാണ് ക്വാറിയിൽ ഖനനം നടത്തുന്നത്. ആശങ്കയിലായ നാട്ടുകാർ ക്വാറി വിരുദ്ധ കർമസമിതിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരിക്കയാണ്. ആനക്കല്ലുംപാറ കരിങ്കൽ ക്വാറിയുടെ പ്രവർത്തനം ഉടൻ നിർത്തണമെന്നാണ് കർമസമിതി ആവശ്യപ്പെടുന്നത്. 12 ഓളം കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്ന കൂമ്പാറ, കക്കാടംപൊയിൽ മേഖല പരിസ്ഥിതി ലോല പ്രദേശമാണ്. മേഖലയിലെ ദുരന്ത സാധ്യത സംബന്ധിച്ച് റവന്യൂ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ചെങ്കുത്തായ മലഞ്ചെരിവിലെ കരിങ്കൽ ഖനനമുയർത്തുന്ന അപകട ഭീഷണി സംബന്ധിച്ച് നേരത്തേ കൂടരഞ്ഞി മുൻ വില്ലേജ് ഓഫിസർ യു. രാമചന്ദ്രൻ ജില്ല കലക്ടർക്ക് വിശദ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, ജില്ല ദുരന്തനിവാരണ അതോറിറ്റി ദുരന്തമുണ്ടായിട്ട് നടപടി സ്വീകരിക്കാൻ കാത്തിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.