വടകര: ആരോഗ്യസുരക്ഷ വിഷരഹിത പച്ചക്കറിയിലൂടെ എന്ന ലക്ഷ്യവുമായി വടകര നഗരസഭ കാർഷികവിപ്ലവത്തിനൊരുങ്ങുന്നു. കാർഷികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യവുമായാണ് നഗരസഭ പദ്ധതിക്ക് തുടക്കംകുറിക്കുന്നത്. നഗരപരിധിയിലെ മുഴുവൻ കുടുംബങ്ങളേയും കൃഷിയിൽ താൽപര്യം ഉണ്ടാക്കിയെടുത്ത് സ്വയം പര്യാപ്തത കൈവരിക്കുകയാണ് ഉദ്ദേശിക്കുന്നത്. ഇതിൻെറ ഭാഗമായി മുനിസിപ്പൽതലത്തിൽ പ്രഗത്ഭരെ ഉൾപ്പെടുത്തി 10 അംഗ ഉപദേശകസമിതി രൂപവത്കരിച്ചു. നഗരപരിധിയിലെ 47 വാർഡുകളിലും കർമസേന രൂപവത്കരണം, അയൽക്കൂട്ട രൂപവത്കരണം, പരിപാലന ചുമതലക്കായി ഗ്രൂപ് ലീഡർമാർ എന്നിവരെ ചുമതലപ്പെടുത്തും. ഘട്ടംഘട്ടമായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് 200 ഹെക്ടർ സ്ഥലം കണ്ടെത്തി. എൻ.സി കനാലിൻെറ സമീപത്തുള്ള സ്ഥലങ്ങളിലടക്കം പദ്ധതി വ്യാപിപ്പിക്കും. മണ്ണ് പരിശോധനയുടെ സാമ്പിൾ ശേഖരിക്കൽ, കൃഷിസ്ഥലം ഏർപ്പാടാക്കൽ, വിത്ത്, നടീൽവസ്തു വിതരണം ചെയ്യൽ, ജലസേചനം ഉറപ്പുവരുത്തൽ, കൃഷിസ്ഥലം തയാറാക്കൽ, സമയബന്ധിത കൃഷി പ്രയോഗം, വിളവെടുക്കൽ, ശേഖരിക്കൽ എന്നിവയും നഗരസഭയുടെ നേതൃത്വത്തിൽ നടക്കും. വിത്തും വളവും നഗരസഭ നൽകും. സമയബന്ധിതമായി വിളവെടുപ്പ് പൂർത്തിയാക്കി വിപണനസൗകര്യങ്ങൾ ഒരുക്കും. സമ്പൂർണ മാലിന്യമുക്ത നഗരസഭ എന്ന ലക്ഷ്യം പൂർത്തീകരിച്ചതിൻെറ പ്രചോദനത്തിലാണ് കാർഷികമേഖലയിലും പുത്തൻ ആശയങ്ങൾക്ക് തുടക്കംകുറിക്കുന്നതെന്ന് വാർത്തസമ്മേളനത്തിൽ വൈസ് ചെയർമാൻ പി.കെ. സതീശൻ പറഞ്ഞു. കൃഷിക്കൊപ്പം മത്സ്യകൃഷി, പശു, ആട്, കോഴി വളർത്തൽ എന്നീ പദ്ധതികൾക്കും രൂപംനൽകിയിട്ടുണ്ട്. കാർഷിക കർമസേന രൂപവത്കരണത്തിൻെറ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ച 2.30ന് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കും. വാർത്തസമ്മേളനത്തിൽ ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.പി. ഭാസ്കരൻ, പി. സജീവ്കുമാർ, എം. ബിജു, എ.പി. പ്രജിത, സിന്ധു പ്രേമൻ, വി.കെ. അസീസ്, നഗരസഭ സെക്രട്ടറി കെ. മനോഹർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.