നഗരത്തിൽ 24 പുതിയ ആരോഗ്യകേന്ദ്രങ്ങൾ വരുന്നു

കോഴിക്കോട്: കോർപറേഷൻ ആഭിമുഖ്യത്തിൽ നഗരത്തിൽ 24 ഇടങ്ങളിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്‍ററുകൾ തുറക്കാൻ നടപടികളാരംഭിച്ചു. ആരോഗ്യകേന്ദ്രം തുടങ്ങാൻ കോർപറേഷൻ ആരോഗ്യവിഭാഗം തിരഞ്ഞെടുത്ത സ്ഥലങ്ങൾക്ക് നഗരസഭ അംഗീകാരം നൽകി.

ദേശീയ ആരോഗ്യദൗത്യത്തിന്‍റെ കീഴിലുള്ള എട്ട് ഹെൽത്ത് സെന്‍ററുകളാണ് കോർപറേഷൻ പരിധിയിലുള്ളത്. ഇവക്ക് ഓരോന്നിന്‍റെയും കീഴിൽ മൂന്നെണ്ണം എന്ന ക്രമത്തിൽ മൊത്തം 24 എണ്ണം ആരംഭിക്കാനാണ് പദ്ധതി. ഡോക്ടറും നഴ്സും ആരോഗ്യ പ്രവർത്തകനുമുള്ളതാണ് ഓരോ കേന്ദ്രവും. കെ.എം.സി.എല്ലിന്‍റെ മരുന്നുകളും ലഭ്യമാക്കും. ഹെൽത്ത് സെന്‍ററുകളില്ലാത്ത വാർഡുകളിൽ തൊട്ടടുത്ത വാർഡുകളിലെല്ലാം ഉപകാരപ്പെടുംവിധമാണ് സെന്‍ററുകൾ തുടങ്ങുന്നത്. നഗരസഭയുടെ ഈ കൊല്ലത്തെ ബജറ്റ് പ്രഖ്യാപനത്തിന്‍റെ ഭാഗമായാണ് പദ്ധതി.

കോർപറേഷൻ കെട്ടിടങ്ങളുണ്ടെങ്കിൽ അവിടെയും ഇല്ലെങ്കിൽ വാടകക്കെട്ടിടത്തിലും സെന്‍ററുകൾ തുടങ്ങാനാണ് തീരുമാനം.

കോർപറേഷൻ കെട്ടിടമാണെങ്കിൽ 25 ലക്ഷം രൂപ നവീകരണത്തിന് ഉപയോഗിക്കാനാവും. സ്വന്തം കെട്ടിടമില്ലെങ്കിൽ 1100 ചതുരശ്ര അടിയുള്ള കെട്ടിടം വാടകക്കെടുക്കാനാവും. അഞ്ച് കൊല്ലത്തേക്കുള്ള വാടകക്കുള്ള ഫണ്ട് ലഭ്യമാണ്. 75 വാർഡുള്ള കോർപറേഷനിൽ ഇപ്പോഴുള്ളത് 19 ഹെൽത്ത് സെന്‍ററുകൾ മാത്രമാണ്. കോർപറേഷൻ നേരിട്ട് നടത്തുന്ന ആറും എൻ.എച്ച്.എമ്മിന് കീഴിൽ എട്ടും ആരോഗ്യവകുപ്പ് നേരിട്ട് നടത്തുന്ന അഞ്ചും ആരോഗ്യകേന്ദ്രങ്ങളാണുള്ളത്. പുറമെ ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളുമുണ്ട്.

മൂന്ന് മാസത്തിനകം തുടങ്ങാനാവും

ഒക്ടോബറിൽ 24 കേന്ദ്രങ്ങളും ഒന്നിച്ച് പ്രവർത്തനം തുടങ്ങാനാണ് ശ്രമമെന്ന് കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ്. ജയശ്രീ പറഞ്ഞു. അലോപ്പതി കേന്ദ്രങ്ങളാണ് ഇപ്പോൾ തുടങ്ങുന്നത്. ആയുഷ് കേന്ദ്രങ്ങളും ഭാവിയിൽ തുടങ്ങാനാവുമെന്ന പ്രതീക്ഷയുണ്ട്. 24 പുതിയ ഡിസ്പെൻസറികൾ കൂടി വരുന്നതോടെ ഗവ. ബീച്ച് ആശുപത്രിയിലും കോട്ടപ്പറമ്പിലും മെഡിക്കൽ കോളജിലുമുള്ള തിരക്ക് കുറക്കാനാവും. കോവിഡിന് ശേഷം ആളുകൾ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കൂടുതൽ ആശ്രയിക്കുന്ന സ്ഥിതിയാണ്. അവിടെയുള്ള സൗകര്യങ്ങളുടെ അപര്യാപ്തത പരാതിക്കിടയാക്കുന്നുണ്ട്.

പുതിയ ഹെൽത്ത് സെന്‍ററുകൾ

പുതിയ ഹെൽത്ത് ആൻഡ് വെൽനസ് സെന്‍ററുകൾ തുടങ്ങാനുദ്ദേശിക്കുന്ന ഇടങ്ങൾ (ബ്രാക്കറ്റിൽ സെന്‍റർ ഉപയോഗപ്പെടുന്ന വാർഡുകൾ): ചെട്ടികുളം (1,2,75), പുത്തൂർ- എരഞ്ഞിക്കൽ (3,4), മൊകവൂർ (5), ഫ്ലോറിക്കൽ റോഡ് (8,12) തടമ്പാട്ടുതാഴം വേങ്ങേരി (7,9,10), സിവിൽ സ്റ്റേഷൻ (13), മൂഴിക്കൽ (14,16) മായനാട് (18,19), വൃന്ദാവൻ കോളനി (21,24), കോട്ടൂളി (25,26), മേത്തോട്ടുതാഴം (31), കുതിരവട്ടം (27,28), പൊക്കുന്ന് (32), പൊറ്റമ്മൽ (29), അഴകൊടി (63,64), തോപ്പയിൽ (67), ചെറുവണ്ണൂർ (40 മുതൽ 46 വരെ), ബേപ്പൂർ, നടുവട്ടം വായനശാല- അരക്കിണർ, മാത്തോട്ടം (എല്ലാം 47 മുതൽ 53 വരെ), വടക്കെപൊറായി (55,56), കോയ വളപ്പ് (54), ഈസ്റ്റ്ഹിൽ (68,69,70), എടക്കാട് (71,73,74).

Tags:    
News Summary - 24 new health centers are coming up in the city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.