കോഴിക്കോട്: വേനൽകാലത്ത് ചൂട് കൂടിയതിനാൽ പാമ്പുൾപ്പെടെയുള്ള ഇഴജന്തുക്കള്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് പതിവാകുന്നു. മലയോര മേഖലയിലാണ് പാമ്പുശല്യം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം കൂടരഞ്ഞി പൂവാറംതോട് കല്ലംപുല്ലിലെ വീടിനടുത്തുള്ള വിറകുപുരയില്‍നിന്ന് എട്ടടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയിരുന്നു. വനംവകുപ്പിന്റെ ആര്.ആര്.ടി സംഘമെത്തിയാണ് പിടികൂടിയത്. ജില്ലയിലെ പലഭാഗത്തും സമാനസാഹചര്യമാണുള്ളത്. സാധാരണ 28 ഡിഗ്രി സെൽഷ്യസ് താപനിലയിൽ പാമ്പുകൾക്ക് സുഖമായി ജീവിക്കാൻ കഴിയും.
അതേസമയം, താപനില കൂടുമ്പോൾ ശരീര താപനില നിയന്ത്രിക്കാനായാണ് തണുപ്പുള്ള സ്ഥലങ്ങൾ തേടിപ്പോകുന്നത്. ഇടക്കിടെ പെയ്യുന്ന വേനൽമഴയും ഉയർന്ന താപനിലയും കാരണം പാമ്പുകൾ അവയുടെ മാളങ്ങൾ വിട്ട് പുറത്തിറങ്ങുന്നു.
മൂര്‍ഖന്‍, വള്ളിക്കെട്ടന്‍, അണലി തുടങ്ങിയ വിഷപ്പാമ്പുകളുടെ സാന്നിധ്യവും കൂടുതലായി കാണുന്നുണ്ട്. ചൂടുള്ള ദിവസങ്ങളുടെ തുടക്കം ഇവയുടെ ഇണചേരല്‍ നടക്കുന്ന സമയമാണ്. ഇണയെ തേടി പോകുന്ന സമയത്തും അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. മുമ്പുണ്ടായിരുന്നപോലെ കുറ്റിക്കാടുകളും മറ്റും ഇപ്പോള്‍ കുറവായതിനാല്‍ ജനവാസ മേഖലകളിലേക്കാണ് ഇവ കൂടുതലായി എത്തുന്നത്.
തണുപ്പിന്റെ സാന്നിധ്യമുള്ള ശുചിമുറികള്‍, കുളിമുറികള്‍, ചവിട്ടുപടികള്‍, തുടങ്ങി വീട്ടിലെവിടേയും പാമ്പുകള്‍ എത്തിപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കടിയേല്‍ക്കാനും അതിലൂടെ അപകടങ്ങള്‍ വര്‍ധിക്കാനും സാധ്യതയേറെയാണ്. കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ 450 പേരാണ് കേരളത്തിൽ പാമ്പുകടിയേറ്റ് മരിച്ചത്.
പാമ്പുകള്‍ക്ക് അനുകൂലമായ സാഹചര്യം വീട്ടിലും പറമ്പിലും ഒഴിവാക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പൊത്തുകള്‍, മാളങ്ങള്‍ എന്നിവ വീടിന് സമീപത്തുണ്ടാവുകയാണെങ്കില് അടക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാഹനങ്ങള്‍ക്കുള്ളിലും പാദരക്ഷകൾക്കിടയിലും പാമ്പുകള്‍ പതുങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധിച്ചുവേണം ഇവ കൈകാര്യം ചെയ്യാന്‍.
വേനല്‍കാലത്ത് ജനാലകള്‍ തുറന്നിടുന്നതും ചിരട്ടകള്‍, ചകിരി, ഓടിന് കഷണങ്ങള്‍ തുടങ്ങിയവ അലക്ഷ്യമായി കൂട്ടിയിടുന്നത് ഒഴിവാക്കണം. പാമ്പുകളെ സ്വയം പിടികൂടാന്‍ ശ്രമിക്കുന്നതും ആപത്താണ്. പരിശീലനം ലഭിച്ച ആളുകളെ വിളിച്ച് പാമ്പുകളെ പിടികൂടണമെന്നാണ് വനം വകുപ്പ് നല്കുന്ന നിര്‍ദേശം.
വിദഗ്ധരുടെ അഭിപ്രായത്തിൽ ആവാസവ്യവസ്ഥയുടെ നാശമാണ് പാമ്പുകൾ ജനവാസ മേഖലയിലെത്താൻ കാരണം. തടാകത്തടങ്ങൾ ഇല്ലാതാവുന്നു, കാടുകൾ കൈയേറുന്നു, കെട്ടിടങ്ങളുടെ എണ്ണം വർധിക്കുന്നു എന്നിവയെല്ലാം ഇതിന് കാരണമാകുന്നുണ്ട്.
ജനവാസ മേഖലകളിലെത്തുന്ന പാമ്പുകളെ സുരക്ഷിതമായി വനമേഖലയിലെത്തിക്കാന്‍ വനം വകുപ്പ് സര്‍പ്പ (സ്നേക് അവയര്‍നസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷന്‍ ആപ്) മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞവര്‍ഷം മാത്രം 1375 പാമ്പുകളെയാണ് പിടികൂടിയത്. അശാസ്ത്രീയമായി പാമ്പിനെ പിടിക്കൂടുന്നതിലൂടെ അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് 2020 ആഗസ്റ്റില്‍ സര്‍പ്പ ആപ് വികസിപ്പിച്ചത്.
കേരളത്തിലെ പാമ്പുകളെ കുറിച്ചുള്ള വിവരങ്ങള്‍, ആന്റിവെനം ലഭ്യമായുള്ള ആശുപത്രികള്‍, ഫോണ്‍ നമ്പറുകള്‍ എന്നീ വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. സര്‍പ്പ ആപ്പിനുകീഴില്‍ എല്ലാ ജില്ലകളിലും നോഡല്‍ ഓഫിസര്‍മാരുമുണ്ട്. പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.