കോഴിക്കോട്: മലബാറിലെ സാധാരണക്കാരുടെ ഏക ആശ്രയമായ കോഴിക്കോട് മെഡിക്കൽ കോളജിൽ അനസ്തേഷ്യ ഡോക്ടർമാരുടെ കുറവുകാരണം ശസ്ത്രക്രിയ മുടങ്ങുന്നു. അത്യാഹിത വിഭാഗത്തിൽ രാത്രി വലിയ ശസ്ത്രക്രിയകൾ നിർത്തിവെച്ചിരിക്കയാണ്. രാത്രിയിൽ അനസ്തേഷ്യ ഡോക്ടറുടെ സേവനം ലഭിക്കാത്തതിനാലാണ് എല്ലുരോഗ വിഭാഗത്തിലടക്കം ശസ്ത്രക്രിയ മുടങ്ങുന്നത്. നേരത്തേ, അത്യാഹിത വിഭാഗത്തിലേക്ക് രാത്രിയിലും ഇവരുടെ സേവനം ലഭിച്ചിരുന്നു. എന്നാൽ, ഡോക്ടർമാരുടെ കുറവ് കാരണം ഈ മാസം ഒന്നുമുതൽ രാത്രി സേവനം ലഭിക്കുന്നില്ല.
ഇത് വാഹനാപകടത്തിലും മറ്റും പരിക്കേറ്റെത്തുന്ന രോഗികളെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ഉടൻ അനസ്തെറ്റിസ്റ്റിനെ നിയമിച്ചില്ലെങ്കിൽ രാത്രിയിലെത്തുന്ന രോഗികൾക്ക് അടിയന്തര ചികിത്സ ലഭിക്കാൻ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാവും. നിലവിലെ പ്രതിസന്ധി സംബന്ധിച്ച് ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെങ്കിലും നടപടിയായിട്ടില്ല.
മാത്രമല്ല, അനസ്തേഷ്യ ഡോക്ടർമാരുടെ സേവനം ലഭ്യമാവാത്തതുകാരണം മെഡിക്കൽ കോളജിൽ എല്ലാ വിഭാഗങ്ങളിലും ശസ്ത്രക്രിയ മുടങ്ങാൻ ഇടയാക്കുന്നുണ്ട്. ഓർത്തോ, സർജറി തുടങ്ങിയ വിഭാഗങ്ങളിൽ നിരവധി പേരാണ് ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നത്. വിവിധ വിഭാഗങ്ങളുടെ ഓരോ യൂനിറ്റുകളിലും 40ഓളം മേജർ ശസ്ത്രക്രിയകൾവരെ കാത്തിരിപ്പുപട്ടികയിലുണ്ട്. ഓർത്തോ വിഭാഗത്തിലാണ് പ്രതിസന്ധി കൂടുതൽ. അപകടത്തിലും മറ്റും എല്ലുപൊട്ടൽ അടക്കമുള്ള പരിക്കേറ്റവർക്ക് ശസ്ത്രക്രിയ നടത്താൻ ആഴ്ചകൾ കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകൾ ഇപ്പോൾ നടക്കുന്നില്ലെന്നും മാസങ്ങളായി തങ്ങൾ ഇതിനായി കാത്തിരിക്കുകയാണെന്നും രോഗികൾ പറഞ്ഞു.
ശസ്ത്രക്രിയക്ക് കാത്തിരിപ്പ് നീളുന്നതോടെ രോഗികൾ പലരും ഡിസ്ചാർജ് വാങ്ങി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിപ്പോവുകയാണ്. ഇത് സാധാരണക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നു. വേണ്ടത്ര അനസ്ത്യേഷ്യ ഡോക്ടർമാരെ ലഭ്യമായാൽ നിലവിൽ കാത്തുകിടക്കുന്ന ശസ്ത്രക്രിയകളെല്ലാം യഥാസമയം പൂർത്തിയാക്കാൻ കഴിയുമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
ആശുപത്രി അധികൃതരുടെ നിരന്തര ഇടപെടലിനെത്തുടർന്നായിരുന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രികാലത്തേക്കും അനസ്തെറ്റിസ്റ്റിനെ നിയമിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.