പുഴയോരം പൂച്ചെടികളാൽ അലങ്കരിക്കാനുള്ള പ്രയത്നം നശിപ്പിച്ച് സാമൂഹികദ്രോഹികൾ

തലക്കുളത്തൂർ: പൂച്ചെടികളാൽ പുഴയോരം അലങ്കരിക്കാനുള്ള കുടുംബത്തിന്റെ നല്ല മനസ്സിനെ മടുപ്പിച്ച് സാമൂഹികദ്രോഹികൾ. പാവയിൽ പുതുതായി നിർമിച്ച തീരദേശ റോഡിനെ പൂച്ചെടികളാൽ അലംകൃതമാക്കാനുള്ള എടക്കോടി സതീശന്റെയും മകൻ അശ്വന്തിന്റെയും ഊണുമുറക്കവു​മൊഴിച്ചുള്ള പ്രവർത്തനങ്ങളാണ് കുബുദ്ധികൾ വൃഥാവിലാക്കുന്നത്.

പുഴയോരത്തെ കോൺക്രീറ്റ് തൂണുകളിൽ നിരനിരയായി സ്ഥാപിച്ച പൂച്ചട്ടികളിൽ പത്തോളം ചട്ടികൾ ചിലർ പുഴയിലേക്കെടുത്തിട്ടു. സ്വന്തം കൈയിൽ നിന്ന് ആയിരക്കണക്കിന് രൂപ ചെലവഴിച്ചാണ് രണ്ട് മാസം മുമ്പ് ഇവർ നിരവധി പൂച്ചട്ടികൾ വെച്ച് പരിപാലിക്കുന്നത്. വിവിധ വർണങ്ങളിലുള്ള പുഷ്പങ്ങൾ വിരിഞ്ഞ് പരിലസിച്ചതോടെ പുഴയോരക്കാഴ്ച തന്നെ മാറിയിരുന്നു.

പാവയിൽ സന്ദർശനത്തിനെത്തുന്നവർ ഈ ഭാഗങ്ങളിൽ നിന്ന് ഫോട്ടോയും വിഡിയോയും പകർത്താറുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. പുഴയിൽ നിന്ന് മനോഹരക്കാഴ്ചയായിരുന്നതിനാൽ ബോട്ട് സഞ്ചാരികളും ചിത്രം പകർത്തിയിരുന്നു.

ജോലിയും തിരക്കും ഒഴിച്ചുള്ള സമയം നാടിനെ അലങ്കരിക്കാൻ ചെലവഴിക്കാറുണ്ടായിരുന്നുവെന്നും മന:സാക്ഷിയില്ലാതെ നശിപ്പിച്ചതിൽ ദു:ഖമുണ്ടെന്നും സതീശൻ പറഞ്ഞു. പുഴയിലേക്ക് എറിഞ്ഞവക്ക് പകരം ചട്ടി വെക്കുമെന്നും നാട്ടുകാർ പൂർണ പിന്തുണയുമായി എത്തുന്നുണ്ടെന്നും സതീശൻ പറഞ്ഞു. സാമൂഹ്യദ്രോഹികൾക്ക് മാപ്പില്ലെന്നും അവരെ ഒറ്റപ്പെടുത്തണമെന്നുമുള്ള സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രദേശവാസികൾ പ്രചരിപ്പിക്കുന്നുണ്ട്.



Tags:    
News Summary - Anti-socials vandalize riverside flowering plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.