നാദാപുരം: രോഗീപരിചരണത്തിന് കുടുംബനാഥന് കിട്ടിക്കൊണ്ടിരുന്ന ആശ്വാസ കിരണം പദ്ധതി നിലച്ചിട്ട് വർഷങ്ങൾ. കിടപ്പുരോഗികൾ ഉൾപ്പെടെ മാറാരോഗികളെ പരിചരിക്കുന്നവർക്ക് മാസംതോറും 600 രൂപ സർക്കാർ സഹായധനമായി പദ്ധതി വഴി ലഭിച്ചിരുന്നു. 2018 മുതൽ 1,14,000 പേർക്കാണ് സാമൂഹികനീതി വകുപ്പ് വഴി സഹായം നൽകിയിരുന്നത്.
ഇതിൽ ഈ വർഷം 34,965 പേർക്കാണ് കൊടുത്തത്. ധനസഹായം കിട്ടിക്കൊണ്ടിരുന്നവരിൽ 70 ശതമാനത്തോളം പേരും സഹായധനം എന്നുകിട്ടുമെന്നറിയാതെ കാത്തുനിൽക്കുകയാണ്. 2018 മുതൽ പുതുതായി അപേക്ഷ സമർപ്പിച്ച ഒരാളെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുമില്ല.
കൊടുത്തുതീർത്ത കുടിശ്ശികയും മുൻവർഷങ്ങളിൽ കൊടുത്തുതീർക്കാനുള്ളതാണെന്നാണ് ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർ പറയുന്നത്. 2019ൽ കിട്ടേണ്ട അഞ്ചുമാസത്തെ കുടിശ്ശിക 2021ലും 2020ൽ കൊടുക്കേണ്ട അഞ്ചുമാസത്തെ കുടിശ്ശിക 2022ലും കൊടുത്തിട്ടുണ്ട്. ബാക്കിയുള്ള തുക ഇപ്പോഴും കുടിശ്ശികയാണ്.
പരാശ്രയത്തോടെ വീടിനകത്ത് ജീവിതം തള്ളിനീക്കുന്ന നിത്യരോഗികൾക്ക് ആശ്വാസമായി പ്രഖ്യാപിച്ച നാമമാത്ര തുകയാണ് വിതരണം ചെയ്യാതെ കിടക്കുന്നത്.
ഒരു മുഴുസമയ പരിചാരകന്റെ സേവനം ആവശ്യമാംവിധം കിടപ്പിലായ രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുള്ളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.