അഡ്വ. ശാലീൻ മാഥൂർ നായ്ക്കളെ ആശുപത്രിയിലെത്തിക്കുന്ന വാഹനത്തിൽ

തെരുവുജീവികളുടെ കാവൽക്കാരന് പീഡനവുമായി അധികാരികൾ

കോഴിക്കോട്: നഗരത്തിലെ തെരുവുനായ്ക്കളുടെ കാവൽക്കാരന് അധികാരികളുടെ പീഡനം. കഴിഞ്ഞ 18 കൊല്ലമായി നഗരത്തിൽ അപകടത്തിൽപെടുന്ന നായ്ക്കളും പൂച്ചകളുമടക്കം ജീവികൾക്ക് തുണയായി എത്താറുള്ള അഡ്വ. ശാലീൻ മാഥൂറിനെ വിവിധ കാരണങ്ങൾ കാണിച്ച് കോർപറേഷൻ അധികൃതർ പീഡിപ്പിക്കുന്നതായാണ് പരാതി.

തെരുവുനായ്ക്കളെ സംരക്ഷിച്ചതിന് ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുക്ഷേമ അവാർഡ് ലഭിച്ചയാളോടാണ് അധികൃതർ കുറ്റവാളിയോടെന്നപോലെ പെരുമാറുന്നത്. ക്രിസ്ത്യൻ കോളജിന് പടിഞ്ഞാറു വശത്തെ വീട്ടുവളപ്പിലും ഗേറ്റിലും അനുചിതമായി നായ്ക്കളെ വളർത്തുന്നുവെന്നു കാണിച്ച് നേരത്തേ കോർപറേഷൻ നോട്ടീസ് നൽകിയിരുന്നു.

നായ്ക്കളെ വളർത്താൻ ലൈസൻസ് എടുത്തില്ലെന്നും മറ്റും കാണിച്ച് നിരന്തരം ബുദ്ധിമുട്ടിക്കുന്നതായാണ് പരാതി. പരിക്കേറ്റതും പരിചരണം ആവശ്യമുള്ളതുമായ തെരുവുനായ്ക്കളെ വീട്ടിൽ പാർപ്പിച്ച് ശുശ്രൂഷിച്ച് വിട്ടയക്കുന്നതാണ് അഡ്വ. ശാലീൻ മാഥൂറിനെ വ്യത്യസ്തനാക്കുന്നത്. നിരന്തരം അധികാരികൾ അദ്ദേഹത്തിന്റെ വീട്ടിലെത്തുകയും ഫോണിൽ വിളിക്കുകയും ചെയ്യുന്നു. ഏറ്റവുമൊടുവിൽ അടിയന്തര ഘട്ടത്തിൽ മൃഗങ്ങളെ ആശുപത്രിയിലെത്തിക്കാൻ ഒരുക്കിയ വാഹനം വീടിന് സമീപത്തുനിന്ന് എടുത്തുമാറ്റണമെന്ന് അധികാരികൾ ആവശ്യപ്പെട്ടു. നായ്ക്കൂട് റോഡിൽ സ്ഥാപിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി. ഇതേ തുടർന്ന് വാഹനം വീട്ടുമുറ്റത്തേക്ക് മാറ്റി.

പൊതുജനങ്ങളുടെ ഭീമഹരജിയെ തുടർന്നാണ് അഡ്വ. ശാലീൻ മാഥൂറിന് നോട്ടീസ് നൽകിയതെന്നാണ് കോർപറേഷൻ അധികാരികൾ പറയുന്നത്. എന്നാൽ, സമീപവാസികൾക്ക് ഒരുവിധ ബുദ്ധിമുട്ടും ഇല്ലെന്നും സ്ഥലവാസിയല്ലാത്തയാളുടെ മുൻവിധി വെച്ചുകൊണ്ടുള്ള വ്യാജ പരാതിയിലാണ് നിരന്തരം പീഡിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

നഗരത്തിൽ റോഡരികിലും മറ്റും നൂറുകണക്കിന് പെട്ടിക്കടകളും മറ്റും യാത്രക്കുപോലും തടസ്സമായിക്കിടന്നിട്ടും നടപടിയൊന്നുമെടുക്കാത്ത അധികാരികളാണ് ചക്രങ്ങൾ പിടിപ്പിച്ച ആംബുലൻസ് പോലുള്ള ചെറിയ വണ്ടിയെടുത്ത് മാറ്റാൻ അമിതാവേശം കാണിച്ചത്. ലാഭേച്ഛയില്ലാതെ, രാവും പകലുമില്ലാതെ ഇറച്ചിക്കടകളിൽനിന്നും മറ്റും അവശിഷ്ടങ്ങൾ ശേഖരിച്ച് തെരുവുനായ്ക്കളുടെ വിശപ്പകറ്റാൻ ശ്രമിക്കുന്ന അദ്ദേഹം താൻ ഭക്ഷണം നൽകുന്ന നായ്ക്കൾക്കെല്ലാം വിളിപ്പേരുകളും നൽകിയിട്ടുണ്ട്.


Tags:    
News Summary - Authorities harassing street life guard adv shaleen mathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.