ആയഞ്ചേരി: വ്യത്യസ്തമായ തൊണ്ണൂറിലധികം സംഗീത ഉപകരണങ്ങളുടെ ശേഖരവുമായി യുവ ഡോക്ടർ. വടകര, കുനിങ്ങാട് കുന്നോത്ത് മൊയ്തുവിെൻറയും ഹാജറയുടെയും മകൻ ഡോ. ജംഷിദ് മൊയ്തുവാണ് അപൂർവ ശേഖരവുമായി വ്യത്യസ്തനാകുന്നത്. തുർക്കിയുടെ 'നീ' പോലുള്ള അപൂർവങ്ങളിൽ അപൂർവമായ സംഗീത ഉപകരണങ്ങൾ മുതൽ ആഫ്രിക്കൻ ഗോത്രവർഗങ്ങളിൽ മാത്രം കാണുന്ന ജെമ്പേ, കലിംബ, മരകാസ്, ഷെകേർസ്, ബാൻജോ തുടങ്ങിയവയും ഡോക്ടറുടെ ശേഖരത്തിലുണ്ട്. തുർക്കി, ആഫ്രിക്ക, സൗത്ത് അമേരിക്ക, യൂറോപ്പ്, ഈജിപ്ത്, മിഡിലീസ്റ്റ് രാജ്യങ്ങൾ എന്നിങ്ങനെ 12 വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെയും സംഗീതോപകരണങ്ങൾ ഇവയിൽപെടും.
മുഴുവൻ സംഗീത ഉപകരണങ്ങളും സ്വന്തമായി അഭ്യസിച്ച് കൈകാര്യംചെയ്യാനുള്ള മിടുക്കും ഡോക്ടർക്കുണ്ട്. ഗൂഗ്ൾ, യൂട്യൂബ് എന്നിവയാണ് ഗുരു. ഓരോ സംഗീത ഉപകരണങ്ങളുടെ പ്രത്യേകതയും നിർമാണത്തിലെ സവിശേഷതയും അതിെൻറ സംഗീതവും ചരിത്ര പശ്ചാത്തലവും മനസ്സിലാക്കിയിട്ടുമുണ്ട്.
പ്രകൃതി സ്നേഹിയും ചിത്രകാരനും വന്യജീവി ഫോട്ടോഗ്രാഫറും വാനനിരീക്ഷകനുമായ ജംഷിദിന് അമ്പത് നക്ഷത്രങ്ങൾ കൃത്യമായും തിരിച്ചറിയാനും അവയുടെ ഉദയാസ്തമയവും സഞ്ചാര പഥവും കണ്ടെത്താനും കഴിഞ്ഞിട്ടുണ്ട്. അടുത്ത ഒരു വർഷംകൊണ്ട് 500 നക്ഷത്രങ്ങളെ തിരിച്ചറിയാനുള്ള കഴിവ് ആർജിക്കാനുള്ള കഠിനാധ്വാനത്തിലാണ്.
എട്ടുവർഷത്തോളം വയനാട് വിംസ് ആശുപത്രിയിലും ലക്ഷദ്വീപിലും ജോലിചെയ്ത് ഇപ്പോൾ വടകര, കുരിക്കിലാട് കക്കാട് കെ.എം.എസ്.കെ ക്ലിനിക്കിൽ സേവനമനുഷ്ഠിക്കുകയാണ്. ജോലിയിലൂടെ ലഭിക്കുന്ന വരുമാനത്തിെൻറ നല്ലൊരു പങ്കും സംഗീതോപകരണങ്ങളുടെ സമ്പാദനത്തിനുവേണ്ടിയാണ് ചെലവഴിക്കുന്നത്. ജീവിതം സംഗീതസാന്ദ്രമാക്കുന്നതിൽ പിന്തുണയുമായി ഭാര്യ ഡോ. നഫീസ നസ്റിൻ കൂട്ടിനുണ്ട്. മക്കൾ: ജായിസ് അഹ്യാൻ, ജസാ ഹാനിയ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.