കേളകം: ഉരുൾപൊട്ടിയ ദുരന്തമേഖലയിൽ കൈത്താങ്ങായി മോണിങ് ഫൈറ്റേഴ്സ് ഇൻഡ്യൂറൻസ് അക്കാദമിയിലെ കുട്ടിപ്പട്ടാളം. കണിച്ചാർ പഞ്ചായത്തിലെ ഉരുൾപൊട്ടൽ ദുരിതബാധിത മേഖലയിൽ രക്ഷാപ്രവർത്തനത്തിനായെത്തിയ സൈന്യം മടങ്ങിയെങ്കിലും ദുരന്തമേഖലയിൽ കൈത്താങ്ങായി ഈ നാട്ടുസൈന്യം സേവനത്തിൽ തന്നെയാണ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ മൂന്നുപേരെ കാണാനില്ല എന്ന വാർത്തയിലാണ് ചൊവ്വാഴ്ച മലയാരം ഉണരുന്നത്. പൊലീസിൽ ഇൻസ്പെക്ടർ ആയിരുന്ന എം.സി. കുട്ടിച്ചൻ വിരമിച്ചതിനുശേഷം നാട്ടിലെ കുട്ടികളെ യൂനിഫോം സേനയിൽ എത്തിക്കുന്നതിനായി പരിശീലനം നൽകുന്ന മോണിങ് ഫൈറ്റേഴ്സ് ഇൻഡ്യൂറൻസ് അക്കാദമിയിൽ അതിരാവിലെ തന്നെ ഇരുന്നൂറിലധികം കുട്ടികൾ തുണ്ടിയിൽ ഗ്രൗണ്ടിൽ എത്തിച്ചേരും. പൊതുവിൽ ഏതെങ്കിലും വിധത്തിലുള്ള ദുരന്തമോ അപകടമോ ഉണ്ടായാൽ സ്നേഹത്തോടെ നാട്ടുകാർ കുട്ടിച്ചന്റെ കുട്ടികളെ സഹായത്തിനായി വിളിക്കാറുണ്ട്. ദുരന്തത്തെ തുടർന്ന്, രാവിലെ പരിശീലനത്തിനെത്തിയ 150 ആൺകുട്ടികളെയും കൂട്ടി റോപ്, വാക്കത്തി, കോടാലി, പാര, തൂമ്പ, പിക്കാസ് ഉൾപ്പെടെ സാമഗ്രികളുമായി പ്രദേശത്തേക്ക് കുതിക്കുകയായിരുന്നു. നുമമോളെ കാണാതായ നെടുമ്പുറംചാൽ ഭാഗത്ത് എത്തിച്ചേർന്നു സൈനിക രീതിയിലുള്ള തിരച്ചിൽ ആരംഭിച്ച നാട്ടുസൈന്യത്തിന് പത്തുമിനിറ്റിനകം മോളുടെ മൃതദേഹം ലഭിച്ചു. പിന്നീട് ചന്ദ്രനെ കാണാതായ വീടിനടുത്തെത്തി പകുതി അംഗങ്ങൾ ചന്ദ്രന്റെ മകനെ രക്ഷപ്പെടുത്തിയ ഭാഗവും പകുതിപേർ ഉരുൾപോയ താഴോട്ടും തിരച്ചിൽ നടത്തി. അതേസമയം തന്നെ എൻ.ടി.ആർ.എഫ് സൈന്യവും ഡി.എസ്.സി ടീമും വിവിധ ഇടങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. പത്തുമണിയോടെ രാജേഷിന്റെയും വൈകീട്ടോടെ ചന്ദ്രന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. തിരച്ചിൽ അവസാനിച്ച് സൈന്യം തിരിച്ചുപോയെങ്കിലും, മൂന്നുദിവസമായി കുട്ടിച്ചൻ സാറിന്റെ സൈന്യത്തിലെ പെൺകുട്ടികൾ ഉൾപ്പെടെ, വീടുകളിൽ കയറിയ ചളി കഴുകിമാറ്റാനും കൃഷിയിടവും പാലവും റോഡുമെല്ലാം പഴയനിലയിലാക്കാനുമുള്ള തീവ്ര ശ്രമത്തിലാണ്. ഇതൊരു പരിശീലനമാണെങ്കിലും നാടിനു സംഭവിച്ച ദുരിതത്തിൽ ഒപ്പം ചേരുകയെന്നതിനാലാണ് ഓരോ ദിനവും രാവിലെ മുതൽ വൈകീട്ടുവരെ ദുരന്തഭൂമിയിൽ സഹായമാവുന്നതെന്നാണ് തുണ്ടിയിൽ സ്വദേശിയായ കുട്ടിച്ചൻ പറയുന്നത്. പഠിച്ചിട്ടും ജോലി ലഭിക്കാൻ പ്രയാസപ്പെടുന്ന ഈ കാലത്ത് കൃത്യമായ പരിശീലനം നൽകി സൈന്യം ഉൾപ്പെടെയുള്ള യൂനിഫോം സേനയിൽ കൂടുതൽ ചെറുപ്പക്കാരെ എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മുമ്പും പ്രളയകാലത്തും അല്ലാതെയും നാടിന്റെ നൊമ്പരമൊപ്പാൻ മുന്നണിയിലായിരുന്നു ഈ കുട്ടിസേന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.