കോഴിക്കോട്: മലബാറിലെ യാത്രക്കാരുടെ ദീർഘകാല ആവശ്യമായ ബംഗളൂരു -കണ്ണൂർ 16511/12 യശ്വന്ത്പുർ എക്സ്പ്രസ് കോഴിക്കോടുവരെ നീട്ടി റെയിൽവേ മന്ത്രാലയം ഉത്തരവായി. ബംഗളൂരു റൂട്ടിൽ മലബാറിൽനിന്നുള്ള ട്രെയിനുകളുടെ അപര്യാപ്തതയും യാത്രാക്ലേശവും ചൂണ്ടിക്കാട്ടി നാലു വർഷത്തിലേറേയായി എം.കെ. രാഘവൻ എം.പിയുടെ നേതൃത്വത്തിൽ യാത്രക്കാർ ഉന്നയിക്കുന്ന സുപ്രധാന ആവശ്യങ്ങളിലൊന്നാണ് യാഥാർഥ്യമാവുന്നത്.
സാങ്കേതികാനുമതികൾ പൂർത്തിയായിട്ടും റെയിൽവേയുടെ പച്ചക്കൊടി വൈകുന്നത് മാധ്യമം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ ബംഗളൂരുവിൽനിന്ന് മംഗളൂരു-ഹാസൻ വഴിയുള്ള ട്രെയിൻ കണ്ണൂരിലെത്തുന്ന ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്നത് ഉത്തര മലബാറിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. സർവിസ് ആരംഭിക്കുന്നതോടെ കോഴിക്കോടുനിന്ന് കണ്ണൂർ, കാസർകോട് ഭാഗത്തേക്കുള്ള സായാഹ്ന സർവിസുകളിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിരക്കിന് ചെറിയതോതിലെങ്കിലും ആശ്വാസമാവും. സാങ്കേതികാനുമതികൾ പൂർത്തിയായിട്ടും അനുമതി വൈകിയതോടെ ടൈംടേബിൾ കമ്മിറ്റി സമർപ്പിച്ച ആവശ്യങ്ങൾക്ക് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രിയെയും ബോർഡ് ചെയർമാനെയും എം.പി നേരിൽ കണ്ട് വിഷയം ഉന്നയിക്കുകയും ചെയ്തു. ഈ ആവശ്യമാണ് റെയിൽവേ അംഗീകരിച്ച് സർവിസ് കോഴിക്കോട് വരെ നീട്ടാൻ തീരുമാനമായത്.
റെയിൽവേ മന്ത്രിയെ പ്രത്യേകം നന്ദി അറിയിക്കുന്നതായി എം.പി അറിയിച്ചു. ബംഗളൂരു -കോയമ്പത്തൂർ, ഗോവ-മംഗലാപുരം വന്ദേഭാരത് എക്സ്പ്രസ്, ബാംഗ്ലൂർ-കോയമ്പത്തൂർ ഉദയ് എക്സ്പ്രസ് എന്നീ ട്രെയിനുകൾ കോഴിക്കോട് വരെ നീട്ടാൻ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും എം.പി വ്യക്തമാക്കി. ഹസൻ വഴിയുള്ള കണ്ണൂർ-ബംഗളൂരു പ്രതിദിന ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടിയതിനെ മലബാർ റെയിൽ യൂസേഴ്സ് ഫോറം ചെയർമാൻ മുനീർ കുറുമ്പടി സ്വാഗതം ചെയ്തു. ഇക്കാര്യത്തിൽ എം.പിയുടെ ഇടപെടൽ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ആർ ബംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16511) എല്ലാ ദിവസവും രാത്രി 9.35ന് കെ.എസ്.ആർ ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് യശ്വന്ത്പുർ (9.45), കുനിഗൽ (10.44), ശ്രാവണ ബെലഗോള (11.31), ഹാസൻ ( രാത്രി 12.35), മംഗളൂരു ജങ്ഷൻ (പുലർച്ചെ 6.50), കാസർക്കോട് (രാവിലെ 8.21) കണ്ണൂർ (10.55) വഴി ഉച്ചക്ക് 12.40നാണ് കോഴിക്കോട്ടെത്തുക. തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
കോഴിക്കോടുനിന്ന് വൈകീട്ട് 3.30ന് പുറപ്പെടുന്ന കണ്ണൂർ (5.05), കാസർകോട് (6.13), മംഗളൂരു ജങ്ഷൻ (8.25), സുബ്രഹ്മണ്യ റോഡ് (10.10), ഹാസൻ (പുലർച്ച 2.50), ശ്രാവണബെലഗോള (3.30), കുനിഗൽ (4.19), യശ്വന്ത്പുർ (6.02) വഴി 6.35ന് കെ.എസ്.ആർ ബംഗളൂരുവിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.