ബേപ്പൂർ: തീരക്കടലിലെ കത്തിക്കാളുന്ന ചൂടിൽനിന്ന് രക്ഷതേടി മത്സ്യങ്ങൾ ഉൾക്കടലിലേക്ക് നീങ്ങിയതോടെ ബോട്ടുകാർക്കും വഞ്ചിക്കാർക്കും ഇന്ധനച്ചെലവിനുള്ള മീൻപോലും കിട്ടാത്ത അവസ്ഥയായി. തൊഴിലാളികളുടെ കൂലി കൊടുക്കാൻ പോലും സാധിക്കാതെ പലരും കടക്കെണിയിലാണ്. കഷ്ടിച്ച് ഒരു കുട്ട മത്സ്യം പോലുമില്ലാതെ മടങ്ങിവരുന്ന വഞ്ചിക്കാരുമുണ്ട്.
സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അയലയും മത്തിയുമാണ് വഞ്ചിക്കാർക്ക് ലഭിക്കുക. എന്നാൽ, ഏപ്രിൽ അവസാനമായിട്ടും പ്രതീക്ഷിക്കുന്ന കോളുകിട്ടാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിലാണ്. അൽപമെങ്കിലും ആശ്വാസം ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്ന വലിയ ഇരുമ്പു ബോട്ടുകൾക്കു മാത്രമാണ്.
ആഴക്കടൽ മീൻപിടിത്തത്തിന് ഒരു വലിയ ബോട്ട് കടലിൽ പോകാൻ ചുരുങ്ങിയത് മൂന്നു ലക്ഷം രൂപയിലധികം ചെലവുവരും. പ്രതീക്ഷിച്ചപോലെ മത്സ്യം കിട്ടാതെവരുമ്പോൾ ലക്ഷങ്ങൾ ബാധ്യതയാകുന്നു. സമുദ്രോപരിതലത്തിൽ ചൂട് കനത്തതോടെ മത്സ്യങ്ങൾ കേരള തീരത്തുനിന്ന് ഉൾക്കടലിലെ തണുപ്പുള്ള ഭാഗങ്ങളിലേക്ക് നീങ്ങിയതാണ് പ്രതികൂലമായത്. പ്രളയവും കാലാവസ്ഥ വ്യതിയാനവും കടലിന്റെ ഘടനമാറ്റത്തിന് തന്നെ കാരണമായി.
താപനില ദിനംപ്രതി ക്രമാതീതമായി ഉയരുന്നതിനാൽ ജലോപരിതലം ചൂടുപിടിച്ച് മത്സ്യപ്രജനനത്തെയും ബാധിച്ചു. വർധിക്കുന്ന താപനില മത്സ്യക്കുഞ്ഞുങ്ങളുടെ വളർച്ചക്കും തടസ്സമായി. തീരക്കടൽ അരിച്ചുപെറുക്കി മത്സ്യക്കുഞ്ഞുങ്ങളെ ഒട്ടാകെ കോരിയെടുക്കുന്ന അശാസ്ത്രീയ മീൻപിടിത്തവും മത്സ്യസമ്പത്തിനെ സാരമായി ബാധിച്ചിട്ടുണ്ട്. മൺസൂൺ സീസണിലും ട്രോളിങ് നിരോധനത്തിനു മുമ്പുമാണ് മീൻ കൂടുതലായി ലഭിക്കാറ്.
തീരക്കടലിലെ കനത്ത ചൂടിൽ മത്സ്യലഭ്യതയിലുണ്ടായ കുറവ് നികത്താൻ മേയ്, ജൂൺ മാസങ്ങളിൽ മഴ ലഭിക്കണം. കടൽച്ചൂടിനാൽ മത്സ്യങ്ങളുടെ രുചിയിലും വ്യത്യാസമുണ്ട്. മഴ പെയ്തുകഴിഞ്ഞാൽ മത്സ്യങ്ങൾക്ക് ഇപ്പോഴുണ്ടായ രുചിവ്യത്യാസത്തിനും പരിഹാരമാകും.
മത്തി, അയല, കോര, ചൂട, ചെറുനത്തൽ ഉൾപ്പെടെ ജനപ്രിയ മീനുകൾ ഏതാനും മാസങ്ങളായി വൻതോതിൽ കുറഞ്ഞിട്ടുണ്ട്. കൂന്തളും അയക്കൂറയും കടലിൽനിന്ന് ഒഴിഞ്ഞ മട്ടാണ്. ചെമ്മീനും വലിയ തോതിൽ ലഭിക്കുന്നില്ല. മത്സ്യലഭ്യത കുറഞ്ഞതോടെ കുടുംബങ്ങൾക്ക് പ്രിയങ്കരമായ മീനിന് വിപണിയിൽ വലിയ വില നൽകണം.
മത്സ്യലഭ്യതയുടെ കുറവും വിപണിയിലെ വിലക്കയറ്റവും കാരണം കാര്യമായ കച്ചവടം നടക്കുന്നില്ലെന്ന് ബേപ്പൂർ ഫിഷിങ് ഹാർബറിലെ അന്തർസംസ്ഥാന കയറ്റുമതി വ്യാപാരി എളയടത്ത് സിദ്ദീഖ് എന്ന ഇ.എസ് പറഞ്ഞു. ജൂൺ ആദ്യത്തോടെ ട്രോളിങ് നിരോധനവും ആരംഭിക്കും. സീസണിലെ ഇനിയുള്ള ഒരു മാസത്തെ മത്സ്യബന്ധനംകൊണ്ട് മേഖലയിൽ കാര്യമായ നേട്ടം പ്രതീക്ഷിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.