ബേപ്പൂർ: തുറമുഖത്തെ തൊഴിലാളികളുടെ കയറ്റിറക്ക് കൂലി വർധിപ്പിക്കാൻ തീരുമാനമായി. പോർട്ട് ഓഫിസറുടെ നേതൃത്വത്തിൽ വ്യാഴാഴ്ച നടന്ന ചർച്ചയിൽ നിലവിലുള്ള കൂലിയിൽ 10 ശതമാനം വർധനയാണ് അനുവദിച്ചത്.
2024 ഒക്ടോബർ ഒന്നു മുതൽ 2026 സെപ്റ്റംബർ 30 വരെയാണ് പുതുക്കിയ കൂലിയുടെ കാലാവധി. നേരത്തേ രണ്ടു തവണ കൂലിവർധനക്കായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതോടെ തുറമുഖത്തെ ചരക്കുനീക്കം ഭാഗികമായി തടസ്സപ്പെട്ടിരുന്നു.
നിലവിലെ കൂലിയിൽ 40 ശതമാനം വർധന ആവശ്യപ്പെട്ടാണ് 200ഓളം തൊഴിലാളികൾ പോർട്ട് ഓഫിസർക്കും സെയിലിങ് വെസൽസ് ഏജന്റ്സ് ആൻഡ് ഷിപ്മെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (സവാസ്ക) പ്രതിനിധികൾക്കും നിവേദനം നൽകിയിരുന്നത്.
ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എസ്.ടി.യു തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിലാണ് തുറമുഖത്ത് ചരക്കുനീക്കം നടത്തുന്നത്. ലക്ഷദ്വീപിലേക്ക് ചരക്കുനീക്കവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ചരക്ക് ഏജന്റുമാരുടെ കൂട്ടായ്മയായ സവാസ്ക പ്രതിനിധികൾ കൂലി വർധിപ്പിക്കാൻ സാധ്യമല്ലെന്ന നിലപാട് സ്വീകരിച്ചതിനാലാണ് നേരത്തേ നടത്തിയ ചർച്ച അലസിപ്പിരിഞ്ഞത്.
ബി. മുഹമ്മദ് ബഷീർ, സി.വി. രാജേഷ് (സി.ഐ.ടി.യു), യു. ബാബു, കെ. ഷാജി (ഐ.എൻ.ടി.യു.സി), സി. നവാസ്, കെ.വി. ഇസ്മായിൽ (എസ്.ടി.യു), എം. സജീർ, പി.ആർ. മുകുന്ദൻ, മുഹമ്മദ്, കെ.വി. റഫീഖ് (സവാസ്ക) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.