ബേപ്പൂർ: അശാസ്ത്രീയ നിർമാണവും കോർപറേഷന്റെ അവഗണനയും കാരണം ബേപ്പൂർ ബി.സി റോഡിലെ കക്കാടത്ത് സ്ഥിതിചെയ്യുന്ന മിനി സ്റ്റേഡിയം മഴപെയ്താൽ കുളമാകും. ചെളിയും വെള്ളവും നിറഞ്ഞ് കുറ്റിക്കാടുകൾ വളർന്ന് നിൽക്കുന്നതിനാൽ കളിക്കളത്തിലിറങ്ങാൻ സാധിക്കാത്ത ഗതികേടിലാണ് കായികതാരങ്ങൾ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം കഴിഞ്ഞാൽ ഏറ്റവും സൗകര്യപ്രദമായ മിനി സ്റ്റേഡിയത്തിന്റെ ദുരവസ്ഥയാണിത്. ഉപരിതലം മണ്ണിട്ട് നിരപ്പാക്കിയതിലെ അശാസ്ത്രീയതയാണ് വെള്ളവും ചളിയും കെട്ടിനിൽക്കാൻ കാരണം.
വെള്ളം ഒഴിഞ്ഞുപോകുന്ന തരത്തിൽ മണ്ണിട്ട് ഉയർത്തി ഇരുഭാഗത്തും ഓട നിർമിച്ച് മൈതാനത്തോട് ചേർന്നൊഴുകുന്ന തോട്ടിലേക്ക് ഒഴുക്കിയാൽ മഴക്കാലത്തും ഫുട്ബാൾ കളിക്കാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനും സാധിക്കും. കായിക താരങ്ങളുടെ ഏറെക്കാലത്തെ മുറവിളിക്കൊടുവിൽ 28 വർഷം മുമ്പ് പഴയ ബേപ്പൂർ പഞ്ചായത്താണ് മിനിസ്റ്റേഡിയം പണിതത്. രണ്ടര ഏക്കർ ഭൂമി ഏറ്റെടുത്തായിരുന്നു നിർമാണം. ബി.സി റോഡ് വികസനത്തിന് ഭൂമി വിട്ടു നൽകിയതോടെ മൈതാനം ചുരുങ്ങി. ബേപ്പൂരിലെ നാല് ഫുട്ബാൾ അക്കാദമികൾ മിനിസ്റ്റേഡിയം കേന്ദ്രീകരിച്ചാണ് പരിശീലനം നൽകുന്നത്.
ബേപ്പൂർ ഫുട്ബാൾ അക്കാദമി, റോയൽ ഫുട്ബാൾ അക്കാദമി, ഓറഞ്ച് ഫുട്ബാൾ സ്കൂൾ, യൂനിറ്റി എഫ്.സി എന്നിവയിലൂടെ നൂറുകണക്കിന് കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ഇതിനുപുറമേ പ്രാദേശിക ക്ലബുകൾക്കും പ്രദേശവാസികൾക്കും വിനോദങ്ങൾക്കുള്ള ഏക ആശ്രയമാണ് മൈതാനം.
ബേപ്പൂരും പരിസരങ്ങളിലുമായി വിവിധ ജോലികളിലേർപ്പെടുന്ന അന്തർ സംസ്ഥാന തൊഴിലാളികൾവരെ ഒഴിവുസമയങ്ങളിൽ മൈതാനത്ത് കായിക വിനോദത്തിനായി എത്താറുണ്ട്. അംഗപരിമിതരുടെ പ്രാദേശിക കൂട്ടായ്മകൾ ഒത്തുകൂടാനും കായിക പരിശീലനങ്ങൾക്കും വിനോദങ്ങൾക്കും മൈതാനം ഉപയോഗപ്പെടുത്താറുണ്ട്.
ക്രിക്കറ്റ്, വോളിബാൾ, ബാഡ്മിന്റൺ തുടങ്ങി മറ്റ് കായിക പരിശീലനങ്ങളും മൈതാനം കേന്ദ്രീകരിച്ച് നടക്കുന്നു. കൂടുതൽ ഭൂമി ഏറ്റെടുത്ത് ശാസ്ത്രീയമായ രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി സ്റ്റേഡിയം വികസിപ്പിക്കണമെന്നാണ് കായികതാരങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.