ബേപ്പൂർ (കോഴിക്കോട്): മീൻപിടിത്ത തൊഴിലാളികളുടെ കടൽ സുരക്ഷക്കായി അത്യാധുനിക മറൈൻ ആംബുലൻസ് 'കാരുണ്യ' വെള്ളിയാഴ്ച ബേപ്പൂർ മത്സ്യബന്ധന തുറമുഖത്തെത്തി. മീൻപിടിത്തത്തിനിടയിൽ തൊഴിലാളികൾ അപകടത്തിൽപെടുന്ന സാഹചര്യങ്ങളിൽ, അതിവേഗത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനാണ് മറൈൻ ആംബുലൻസ് സജ്ജമാക്കിയത്. ദുരന്തമുഖത്തു വെച്ചുതന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കി അതിവേഗം കരയിൽ എത്തിച്ച് ജീവൻ രക്ഷിക്കുന്നതിനുതകുന്ന സംവിധാനം ആംബുലൻസിലുണ്ട്.
മത്സ്യത്തൊഴിലാളികളുടെ ചിരകാല ആവശ്യമാണ് മറൈൻ ആംബുലൻസിലൂടെ നിറവേറ്റുന്നത്. വി.കെ.സി. മമ്മദ് കോയ എം.എൽ.എ ആംബുലൻസിനെ ഹാർബറിൽ സ്വീകരിച്ചു. പോർട്ട് ഡിവിഷൻ കൗൺസിലർ എം. ഗിരിജ ടീച്ചർ അധ്യക്ഷത വഹിച്ചു.
ജില്ല കലക്ടർ എം. സാംബശിവറാവു, ഉത്തരമേഖല ഫിഷറീസ് ജോയൻറ് ഡയറക്ടർ പി. അനിൽകുമാർ, കൗൺസിലർമാരായ കൃഷ്ണകുമാരി, തോട്ടുങ്ങൽ രജനി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കരുവള്ളി ശശി, കെ.പി. ഹുസൈൻ, കെ. വിശ്വനാഥൻ, ബി. ലത്തീഫ്, കരിച്ചാലി പ്രേമൻ, എം. ലാലു, പി. അബൂബക്കർ എന്നിവർ സംസാരിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ. സുധീർ കിഷൻ സ്വാഗതവും ഫിഷറീസ് അസി. ഡയറക്ടർ ലബീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.