കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടുമറിക്കൽ ആരോപണത്തിൽ ഉഴലുന്ന ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്റെ ജന്മനാട്ടിലും വോട്ട് കുറഞ്ഞു. കെ. സുരേന്ദ്രെൻറ നാടായ ഉള്ള്യേരി ഉൾപ്പെടുന്ന ബാലുശ്ശേരി മണ്ഡലത്തിൽ 2016 ലേക്കാൾ 2834 വോട്ടാണ് കുറഞ്ഞത്. സുരേന്ദ്രെൻറ അടുത്ത അനുയായികളിലൊരാളായ യുവമോർച്ച ജില്ല നേതാവ് ലിബിനായിരുന്നു ബാലുശ്ശേരിയിലെ സ്ഥാനാർഥി. 16,490 വോട്ട് മാത്രമാണ് ലിബിന് കിട്ടിയത്.
2016ൽ മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.കെ. സുപ്രന് 19,324 വോട്ട് കിട്ടിയിരുന്നു. ഉള്ള്യേരി പഞ്ചായത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലേക്കാൾ അറുനൂറോളം വോട്ട് കുറഞ്ഞു. ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പിലേക്കാൾ മോശം പ്രകടനമാണ് ബാലുശ്ശേരിയിൽ ബി.ജെ.പിയുടേത്. ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ മത്സരിച്ച അഡ്വ. കെ.പി. പ്രകാശ് ബാബുവിന് 18,836 വോട്ടുണ്ടായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 18,599 വോട്ടും നേടി.
വിവിധ പഞ്ചായത്തുകളിൽ എട്ട് സീറ്റിലും ജയിച്ചിരുന്നു. ഇത്തവണ ബാലുശ്ശേരി മണ്ഡലത്തിൽ ബി.ജെ.പിയുടെ പ്രചാരണത്തിന് ഉഷാറുണ്ടായിരുന്നില്ല. കുറച്ച് വോട്ടുകൾ യു.ഡി.എഫിലേക്ക് മറഞ്ഞതായും ആരോപണമുണ്ട്. കോന്നിയിലും മഞ്ചേശ്വരത്തും ഹെലികോപ്ടറിൽ പറന്ന് പ്രചാരണത്തിലായിരുന്ന സംസ്ഥാന അധ്യക്ഷന് സ്വന്തം നാട്ടിൽ പ്രചാരണത്തിനെത്താനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.