കോഴിക്കോട്: സത്യസന്ധതയുടെയും ആതിഥ്യമര്യാദയുടെയും നാട് ജില്ല സ്കൂള്‍ കലോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി. യുനെസ്കോ സാഹിത്യ നഗരിയായി പ്രഖ്യാപിച്ചശേഷം നഗരം ആതിഥ്യം വഹിക്കുന്ന കൗമാര കലോത്സവം നവംബര്‍ 19 മുതല്‍ 23 വരെ നഗരത്തിലെ 20 വേദികളിലായി നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടാണ് പ്രധാന വേദി. നവംബര്‍ 19ന് നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റേജിതര മത്സരങ്ങളോടുകൂടി കലോത്സവം ആരംഭിക്കും. 20 മുതല്‍ 23 വരെ സ്റ്റേജ് മത്സരങ്ങള്‍ നടക്കും. മേളക്ക് തുടക്കം കുറിച്ച് 20ന് രാവിലെ 8.30ന് മലബാർ ക്രിസ്ത്യൻ കോളജ് എച്ച്.എച്ച്.എസ് ഗ്രൗണ്ടിലെ പ്രധാന വേദിയിൽ പതാക ഉയർത്തും. ജില്ലയിലെ അധ്യാപികമാരുടെ കൂട്ടായ്മ ഒരുക്കുന്ന നൃത്താവിഷ്കാരത്തോടെ ഉദ്ഘാടന പരിപാടിക്ക് തുടക്കമാവും. മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാനം നിർവഹിക്കും. സ്വാഗത സംഘം ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സാഹിത്യകാരൻ ബെന്യാമിൻ മുഖ്യാതിഥിയാവും. മേയർ ഡോ. ബീന ഫിലിപ്, എം.പിമാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, പി.ടി. ഉഷ തുടങ്ങിയവർ പങ്കെടുക്കും.
319 ഇനങ്ങളിലായി 8000 ത്തോളം മത്സരാർഥികള്‍ മേളയില്‍ പങ്കെടുക്കും. മാന്വല്‍ പരിഷ്കരണത്തിന്റെ ഭാഗമായി ഈ വര്‍ഷം പുതുതായി ഉള്‍പ്പെടുത്തിയ ആദിവാസി ഗോത്ര കലകളായ ഇരുള നൃത്തം, പാലിയ നൃത്തം, പണിയ നൃത്തം, മംഗലം കളി, മലപുലയ ആട്ടം എന്നീ ഇനങ്ങള്‍ മാനാഞ്ചിറ ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വേദിയില്‍ അരങ്ങേറും. കോഴിക്കോട്ടുകാരായ മണ്മറഞ്ഞ സാഹിത്യകാരന്മാരുടെ പേരുകളാണ് വേദികള്‍ക്ക് നൽകിയത്.
പ്രധാന വേദിയുടെ പന്തലിന്റെ നിർമാണം പുരോഗമിക്കുകയാണ്. തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ ചെയര്‍മാനും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി. മനോജ് കുമാര്‍ ജനറല്‍ കണ്‍വീനറായുമുള്ള 501 അംഗ സംഘാടകസമിതിയാണ് കലോത്സവത്തിന് നേതൃത്വം നല്‍കുന്നത്. മേളയില്‍ പങ്കെടുന്നവര്ക്കുള്ള വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുന്നതിന് ഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനാഞ്ചിറ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിപുല സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്. മീഡിയ റൂം, മീഡിയ പവലിയന്, വേദികളില്‍ നിന്നും തല്‍സമയ സംപ്രേഷണം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇവിടെ സജീകരിക്കും.
മീഡിയ സെൻറർ ഉദ്ഘാടനം 18ന് വൈകീട്ട് മൂന്നിന് ചിത്രകാരൻ പോൾ കല്ലാനോട് നിർവഹിക്കും. 23ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി. മനോജ് കുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. ഗിരീഷ് കുമാർ, മീഡിയ കമ്മിറ്റി ചെയർമാൻ ഇ.പി. മുഹമ്മദ്, കൺവീനർ പി.കെ. അബ്ദുൽ സത്താർ, ഡി.ഡി.ഇ ഓഫിസ് സൂപ്രണ്ട് കെ.എൻ. ദീപ, റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ. സുധിന, ഖാലിദ്, പി.എം. മുഹമ്മദലി, എം.എ. സാജിദ്, എൻ.പി.എ. കബീർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വേദികൾ
1. മലബാർ ക്രിസ്ത്യൻ കോളജ് എച്ച്.എസ്.എസ് (വൈക്കം മുഹമ്മദ് ബഷീർ വേദി). 2. സാമൂതിരി സ്കൂൾ ഗ്രൗണ്ട് (എ. ശാന്തകുമാർ), 3. അച്യുതൻ ഗേൾസ് എച്ച്.എസ്.എസ് (എസ്.കെ. പൊറ്റക്കാട്), 4. ഗണപത് ബോയ്സ് എച്ച്.എസ്.എസ് (പി. വത്സല), 5. സാമൂതിരി എച്ച്.എസ്.എസ് ഹാൾ (യു.എ. ഖാദർ), 6. ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ് (പുനത്തിൽ കുഞ്ഞബ്ദുള്ള), 7. ബി.ഇ.എം എച്ച്.എസ്.എസ് (എൻ.എൻ. കക്കാട്), 8. പ്രോവിഡൻസ് എച്ച്.എസ്.എസ് (എം.പി. വീരേന്ദ്രകുമാർ), 9. പ്രോവിഡൻസ് എൽ.പി.എസ് (കെ.ടി. മുഹമ്മദ്), 10. സെന്റ് ആഞ്ചലോസ് യു.പി.എസ് (എൻ.പി. മുഹമ്മദ്), 11. ഗണപത് ബോയ്സ് ഹാൾ (കുഞ്ഞുണ്ണി മാസ്റ്റർ), 12. ജി.എച്ച്.എസ്.എസ് നടക്കാവ് (ഗിരീഷ് പുത്തഞ്ചേരി), 13. സെൻറ് ആന്റണീസ് യു.പി.എസ് ജൂബിലി ഹാൾ (കടത്തനാട്ട് മാധവിയമ്മ), 14. സെന്റ് ജോസഫ് എച്ച്.എസ്.എസ് ഓപൺ സ്റ്റേജ് (പ്രദീപൻ പാമ്പിരികുന്ന്), 15. ഹിമായത്തുൽ എച്ച്.എസ്.എസ് (എം.എസ്. ബാബുരാജ്), 16. ഗവ. അച്യുതൻ എൽ.പി.എസ് (തിക്കോടിയൻ), 17 എം.എം എച്ച്.എസ്.എസ് പരപ്പിൽ ഓഡിറ്റോറിയം (പി.എം. താജ്), 18. എം.എം എച്ച്.എസ്.എസ് പരപ്പിൽ ഹാൾ (കെ.എ. കൊടുങ്ങല്ലൂർ), 19. ഫിസിക്കൽ എജുക്കേഷൻ കോളജ് ഗ്രൗണ്ട് ഈസ്റ്റ് ഹിൽ, 20. ബി.ഇ.എം എച്ച്.എസ്.എസ് ഗ്രൗണ്ട് (ടി.എ. റസാഖ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.