കോഴിക്കോട്: മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്കിടെ വെള്ളിമാട്കുന്നിനടുത്ത് താമസിക്കുന്ന മേഘനാഥൻ-ഷൈലജ ദമ്പതിമാരുടെ മകൾ ആതിര (12) വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ ദേശീയ ഏജൻസി അന്വേഷിക്കണമെന്ന് കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
മജ്ജ മാറ്റൽ ചികിത്സക്കാവശ്യമായ ഫണ്ടിന്റെ അപര്യാപ്തതമൂലം ജനറൽ വാർഡിലേക്ക് മാറ്റിയ രോഗി അണുബാധയേറ്റാണ് മരിച്ചത്. ആതിരയുടെ ചികിത്സക്ക് ആവശ്യമായ പണം നാട്ടുകാർ സ്വരൂപിച്ച് കെട്ടിവെച്ചശേഷമാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. ശസ്ത്രക്രിയ വളരെ വിജയകരവുമായിരുന്നു. എന്നാൽ, ബി.എം.ടി റൂമിൽ ആവശ്യമായത്ര ദിവസങ്ങൾ കഴിയാൻ ഫണ്ട് തികയാതെവന്നതിനാൽ കുട്ടിയെ ജനറൽ വാർഡിലേക്ക് മാറ്റുകയായിരുന്നു. അവിടെനിന്ന് ന്യൂമോണിയ ബാധിച്ചാണ് കുട്ടി മരിച്ചത്.
സാധാരണഗതിയിൽ കേരള സംസ്ഥാന സർക്കാറും സോഷ്യൽ സെക്യൂരിറ്റി മിഷനുമൊക്കെ പത്തും പതിനഞ്ചും ലക്ഷം രൂപ വരെ ഇത്തരം രോഗികളുടെ ശസ്ത്രക്രിയക്ക് സഹായിക്കാറുള്ളതാണ്. എന്നാൽ, ആതിരയുടെ കാര്യത്തിൽ ഇതുണ്ടായില്ലെന്ന് ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. സഹായത്തിനായി ആതിരയുടെ മാതാപിതാക്കൾ അപേക്ഷ നൽകി മാസങ്ങൾ കാത്തിരുന്ന് നോക്കിയെങ്കിലും സർക്കാർ അത് അവഗണിക്കുകയായിരുന്നു. പൂർണമായും യോജിച്ച സഹോദരിയുടെ സ്റ്റെം സെൽ ഉപയോഗിച്ചാണ് ആതിരയുടെ ചികിത്സ നടത്തിയിരുന്നത്. ഇത്തരം ചികിത്സയിൽ സാധാരണ തൊണ്ണൂറും തൊണ്ണൂറ്റഞ്ചും ശതമാനം വിജയമാണ് ഉണ്ടാവാറുള്ളത്. ശസ്ത്രക്രിയാനന്തര പരിചരണം വേണ്ടവിധം ശ്രദ്ധയോടെയായില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ന്യൂമോണിയക്ക് പുറമെ കുട്ടിക്ക് ഹൃദ്രോഗവും വന്നതായി പറയപ്പെടുന്നു. ഹൃദ്രോഗം തടയാൻ മതിയായ രീതിയിൽ കീലേഷൻ തെറപ്പി നടത്തിയിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ കൺവീനർ കരീം കാരശ്ശേരി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.