ചാത്തമംഗലം: ചന്ദ്രയാൻ-3ന്റെ വിജയകരമായ വിക്ഷേപണത്തിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിന് അഭിമാന നിമിഷങ്ങൾ. ചന്ദ്രയാൻ-3ന്റെ വിജയത്തിനുപിന്നിൽ എൻ.ഐ.ടിയിൽനിന്ന് പഠിച്ചിറങ്ങിയ എൻജിനീയറിങ് ബിരുദധാരികൾ ഉള്ളതാണ് സ്ഥാപനത്തിന് അഭിമാനമായത്. റീജനൽ എൻജിനീയറിങ് കോളജ് ആയിരുന്ന കാലത്തെ ബിരുദധാരികൾ മുതൽ ഈ അടുത്ത വർഷങ്ങളിൽ പഠനം പൂർത്തിയാക്കിപ്പോയവർ വരെ ചന്ദ്രയാൻ-3ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.
പല വകുപ്പുകളിൽനിന്നുള്ള ബിരുദധാരികൾ ഐ.എസ്.ആർ.ഒയുടെ എൻജിനീയർമാരായും സ്വകാര്യ പങ്കാളികളായുമാണ് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വിക്ഷേപിച്ച ചന്ദ്രയാൻ-3ന്റെ ഭാഗമായത്. 1973 ബാച്ച് ബിരുദധാരിയായ ഡോ. സുബ്ബ റാവു പവുലുരിയാണ് ഇതിൽ പ്രമുഖൻ. 15 വർഷം ഐ.എസ്.ആർ.ഒയിൽ പ്രവർത്തിച്ച ഡോ. സുബ്ബ റാവു, 1992ൽ ഇന്ത്യയിലെ ബഹിരാകാശ ഗവേഷണത്തെ പിന്തുണക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച അനന്ത് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (എ.ടി.എൽ) എന്ന സ്ഥാപനമാണ് ഐ.എസ്.ആർ.ഒയുടെ സ്വകാര്യ പങ്കാളികളിൽ മുൻപന്തിയിൽ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അനന്ത് ടെക്നോളജീസ് ഐ.എസ്.ആർ.ഒയുടെ എല്ലാ വിക്ഷേപണ വാഹനങ്ങൾക്കും ഉപഗ്രഹ ദൗത്യങ്ങൾക്കും പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഓൺ-ബോർഡ് കമ്പ്യൂട്ടറുകൾ, നാവിഗേഷൻ സിസ്റ്റം, കൺട്രോൾ ഇലക്ട്രോണിക്സ്, ടെലിമെട്രി, പവർ സിസ്റ്റം എന്നിവയുൾപ്പെടെ ചന്ദ്രയാൻ വിക്ഷേപണ വാഹനമായ എൽ.വി.എം-3 ദൗത്യത്തിനായുള്ള നിരവധി ഏവിയോണിക്സ് പാക്കേജുകൾ പൂർത്തിയാക്കാൻ എ.ടി.എൽ സഹായിച്ചിട്ടുണ്ട്. സ്വകാര്യ പങ്കാളികൾക്കു പുറമെ, ഐ.എസ്.ആർ.ഒയിൽ എൻജിനീയർമാരായി ജോലിചെയ്യുന്ന നിരവധിപേർ ചന്ദ്രയാൻ-3ൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ചാത്തമംഗലം: വാനവിസ്മയങ്ങളുടെ ചെപ്പഴിച്ചും ചാന്ദ്രദൗത്യങ്ങളുടെ ചരിത്രം അനാവരണം ചെയ്തും എൻ.ഐ.ടി ചേനോത്ത് ഗവ. സ്കൂളിൽ സംഘടിപ്പിച്ച ചാന്ദ്രദിനാഘോഷ പരിപാടികൾ ശ്രദ്ധേയമായി. വാനലോകത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തി ചാന്ദ്ര പാർലമെന്റ് സംഘടിപ്പിച്ചു. എൻ.ഐ.ടി സോളാർ ഫിസിക്സ് റിസർച് സ്കോളർ പി. ബിഥോവ്, ക്ലൈമാറ്റ് ഫിസിക്സ് റിസർച് സ്കോളർ സിദ്ഫ അരീക്കോട് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ഷുക്കൂർ കോണിക്കൽ ഉദ്ഘാടനം ചെയ്തു. പി. സത്യാനന്ദൻ, സീനിയർ അസി. പ്രീത പി. പീറ്റർ, പി.ടി.എ വൈസ് പ്രസിഡന്റ് എം. ഷൈബ, അധ്യാപകരായ സി.കെ. മുഹമ്മദ് മജ്നാസ്, ദിൽഷ രവീന്ദ്രൻ, ധനില, റിൻഷിന പുള്ളാവൂർ, അനാമിക, സ്കൂൾ ലീഡർ ആരോൺ ആന്റണി, പി.കെ. ആദിദേവ്, പി.എം. ആദിഷ്, നിവിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.