കൂട്ടാലിട : കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിന് പാരിസ്ഥിതികാനുമതി നൽകരുതെന്ന് സ്ഥലം സന്ദർശിച്ച സംസ്ഥാന വിദഗ്ധ സമിതിയുടെ (സിയാക്) വിലയിരുത്തൽ. ഇത് സംബന്ധിച്ച് സംസ്ഥാന പാരിസ്ഥിതികാഘാത നിർണയ സമിതി ശിപാർശ നൽകി. ശിപാർശ അംഗീകരിക്കുന്നതോടെ ചെങ്ങോടുമലയിലെ ഖനന ഭീഷണി ഒഴിവാകും.
ചെങ്ങോടുമലയിലെ 12 ഏക്കർ സ്ഥലത്ത് പാറ ഖനനം നടത്താനുള്ള പാരിസ്ഥിതികാനുമതി തേടിയാണ് ഡെൽറ്റ റോക്സ് പ്രൊഡക്റ്റ് എന്ന കമ്പനി സിയാക്കിന് അപേക്ഷ നൽകിയത്. ഈ അപേക്ഷയിൽ സിയാക്കിലെ രണ്ട് അംഗങ്ങൾ സ്ഥലം സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ട് ഖനനത്തിന് അനുകൂലമായിരുന്നു.
തങ്ങളെ കേൾക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടി സമരസമിതി ഹൈക്കോടതിയെ സമീപിപ്പോൾ സമരസമിതിയേയും കോട്ടൂർ ഗ്രാമപഞ്ചായത്തിനേയും കേൾക്കണമെന്ന് കോടതി ഉത്തരവിട്ടു. തുടർന്ന് പഞ്ചായത്തിനു വേണ്ടി അന്നത്തെ പ്രസിഡൻറ് ഷീജാ കാറാങ്ങോട്ടും സമരസമിതിക്ക് വേണ്ടി അഡ്വ: ഹരീഷ് വാസുദേവനും ഓൺലൈനിലൂടെ വാദങ്ങൾ അവതരിപ്പിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ രണ്ടംഗ സമിതിയുടെ റിപ്പോർട്ട് തള്ളുകയും സിയാക് ചെയർമാൻ എം. ഭാസ്ക്കരൻ ഉൾപ്പെടെ ഏഴംഗ സംഘം ചെങ്ങോടുമല സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കുകയായിരുന്നു.
ഇവർ സമരസമിതി, ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകൾ, സർവകക്ഷിസംഘം എന്നിവരുടെ നിവേദനങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഇതിന്‍റെ എല്ലാം അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് പാരിസ്ഥിതികാനുമതി നൽകരുതെന്ന ശുപാർശയുള്ളത്. ചെങ്ങോടുമലയിലെ ഖനന നീക്കത്തിനെതിരെ കഴിഞ്ഞ മൂന്നര വർഷമായി നാട്ടുകാർ സമരത്തിലായിരുന്നു. നിരവധി നിയമ പോരാട്ടങ്ങൾക്കും ബഹുജനസമരങ്ങൾക്കും നാട് വേദിയായി. കോട്ടൂർ ഗ്രാമപഞ്ചായത്തിലെ അഞ്ച് ഗ്രാമസഭകളും കായണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമസഭയും ചെങ്ങോടുമല ആദിവാസി ഊരുകൂട്ടവും ക്വാറി പാടില്ലെന്ന പ്രമേയം പാസാക്കിയിരുന്നു. മുൻ മന്ത്രി ടി. പി. രാമകൃഷ്ണൻ, എം. കെ. രാഘവൻ എം.പി, തുടങ്ങിയ ജനപ്രതിനിധികളും പരിസ്ഥിതി -സാംസ്ക്കാരിക - സാഹിത്യ പ്രവർത്തകരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ജില്ലാ പാരിസ്ഥിതികാഘാത നിർണയ സമിതി കമ്പനിക്ക് നൽകിയ പാരിസ്ഥിതികാനുമതിക്കെതിരെ സമരസമിതി ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഈ അനുമതി ഉപയോഗിക്കില്ലെന്ന് ഡെൽറ്റ കമ്പനി കോടതിയിൽ സത്യവാങ്മൂലം നൽകി.
തുടർന്നാണ് സിയയിൽ പാരിസ്ഥിതികാനുമതിക്ക് വേണ്ടി വീണ്ടും അപേക്ഷ നൽകിയത്. അന്നത്തെ ജില്ല കലക്ടർ ആയിരുന്ന സാംബശിവറാവു നിയോഗിച്ച സംഘം തയ്യാറാക്കിയ റിപ്പോർട്ടിലും ചെങ്ങോടുമലയിൽ ക്വാറി തുടങ്ങാൻ പറ്റില്ലെന്നായിരുന്നു. സർക്കാർ ഭൂമി കൈയ്യേറി കുടിവെള്ള ടാങ്ക് പൊളിച്ചാണ് കമ്പനി മൈനിംഗ് പ്ലാൻ ഉണ്ടാക്കിയത്. പാരിസ്ഥിതികാനുമതി നൽകരുതെന്ന സിയാക്ക് ശുപാർശയിൽ നാട്ടുകാർ വലിയ ആഹ്ലാദത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.