കോഴിക്കോട്: യുനസ്കോ പൈതൃകനഗരം പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയിലെ ആദ്യത്തെ സാഹിത്യനഗരം എന്ന പദവി കോഴിക്കോടിന് നേടുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച കുട്ടികളുടെ കൗൺസിൽ നടക്കും. കോർപറേഷൻ കൗൺസിൽ ഹാളിൽ രാവിലെ 10ന് നഗരസഭ യോഗത്തിന്റെ മാതൃകയിലാണ് ചിൽഡ്രൻസ് കൗൺസിൽ അരങ്ങേറുകയെന്ന് മേയർ ഡോ. ബീന ഫിലിപ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നഗരത്തിലെ 44 സ്കൂളുകളിൽനിന്ന് തിരഞ്ഞെടുത്ത 75 വിദ്യാർഥികളാണ് ‘കൗൺസിലർ’മാരാവുക. ചിൽഡ്രൻസ് കൗൺസിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗത്തിൽ മേയറെയും ഡെപ്യൂട്ടി മേയറെയും സ്ഥിരംസമിതി അധ്യക്ഷരെയും തിരഞ്ഞെടുക്കും.
മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് എന്നിവർ ചിൽഡ്രൻസ് കൗൺസിൽ യോഗത്തിൽ സംസാരിക്കും. ചിൽഡ്രൻസ് കൗൺസിലിന്റെ ആദ്യ അജണ്ട സാഹിത്യനഗരം പദ്ധതിയെപ്പറ്റിയാണ്. സാഹിത്യനഗര സംരംഭത്തെയും നഗരവികസനത്തെയും പറ്റിയുള്ള കുട്ടി കൗൺസിലർമാരുടെ നിർദേശങ്ങൾ കോർപറേഷൻ യോഗത്തിൽ വികസനപദ്ധതികൾ ആവിഷ്കരിക്കുമ്പോൾ പരിഗണിക്കും.
നഗര വികസനത്തിൽ അഭിപ്രായങ്ങൾ തേടുന്നതിനും മറ്റും കുട്ടികളുടെ കൗൺസിൽ സ്ഥിരം സംവിധാനമാക്കി തുടരും. ഓരോ അധ്യയനവർഷവും പുതിയ കൗൺസിൽ രൂപവത്കരിക്കും. ചിൽഡ്രൻസ് കൗൺസിൽ ചേരുന്നതിന്റെ ഭാഗമായുള്ള പ്രാഥമിക യോഗം കഴിഞ്ഞ ദിവസം ആനക്കുളം സാംസ്കാരിക നിലയത്തിൽ നടന്നു.
ചിൽഡ്രൻസ് കൗൺസിലർമാരുടെ സത്യപ്രതിജ്ഞ, ഗ്രൂപ് രൂപവത്കരണം, ചർച്ചകൾ, കൗൺസിൽ സെക്രട്ടറിയെ തിരഞ്ഞെടുക്കൽ, മോക്ക് ചിൽഡ്രൻസ് കൗൺസിൽ എന്നിവ അന്ന് നടന്നിരുന്നു.
സാഹിത്യ നഗരം പദ്ധതി അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ജനകീയ ഭരണനിർവഹണത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് ചിൽഡ്രൻസ് പാർലമെൻറ്. വെബ്സൈറ്റ് നിർമാണം, 2024ൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ, അന്തർദേശീയതലത്തിൽ സാഹിത്യകാരന്മാർക്ക് ഒത്തുചേരാനുള്ള സൗകര്യമൊരുക്കൽ തുടങ്ങിയവയെല്ലാം പദ്ധതിയിലുണ്ടെന്നും മേയർ പറഞ്ഞു. തിരഞ്ഞെടുത്ത വിദ്യാർഥി കൗൺസിലർമാരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.