കാട്ടുപന്നി ഇടിച്ച് മരിച്ച ഓട്ടോ ഡ്രൈവർ റഷീദിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം വനംമന്ത്രി തടഞ്ഞെന്ന്

കൂരാച്ചുണ്ട്: കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവത്തിൽ കുടുംബത്തിന് കിട്ടേണ്ട നഷ്ടപരിഹാരം വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ട് തടഞ്ഞതായി വി ഫാം കർഷക സംഘടന ആരോപിച്ചു. തോമസ് കൂരാച്ചുണ്ട് എന്ന് പേരുള്ള ഒരാൾ മന്ത്രിക്കയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. മറ്റ് വിലാസമൊന്നും രേഖപ്പെടുത്താതെയാണ് മന്ത്രിക്ക് കത്ത് പോയത്.

2021 ഒക്ടോബർ ആറിന് രാത്രി 10.30ന് കൂരാച്ചുണ്ട് ആലംകുന്നത്ത് റഷീദ് ഓട്ടോ ഓടിച്ച് വരവെ കട്ടിപ്പാറക്കടുത്തുനിന്ന് കാട്ടുപന്നി ഇടിക്കുകയും ഓട്ടോ മറിഞ്ഞ് റഷീദിന് ഗുരുതര പരിക്ക് പറ്റുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കവെ 2021 ഡിസംബർ മൂന്നിന് റഷീദ് മരണമടഞ്ഞു. ചികിത്സക്കും മറ്റുമായി കുടുംബം താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ രാജീവ് കുമാർ മുമ്പാകെ അപേക്ഷ സമർപ്പിച്ചെങ്കിലും അപേക്ഷ നിരസിച്ചു.

റഷീദ് മരച്ചപ്പോൾ വി ഫാം കർഷകസംഘടനയുടെ നേതൃത്വത്തിൽ റഷീദിന്റെ മൃതദേഹവുമായി താമരശ്ശേരി റേഞ്ച് ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് റഷീദിന്റെ കുടുംബത്തിന് ഉടനടി നഷ്ടപരിഹാരം നൽകുമെന്ന് കോഴിക്കോട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ഉറപ്പുനൽകി. പ്രാഥമിക അന്വേഷണത്തിനുശേഷം റഷീദിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ചസംഭവിച്ചെന്ന് വനംമന്ത്രി വാർത്തസമ്മേളനത്തിൽ പറയുകയും ചെയ്തിരുന്നു.

താമരശ്ശേരി പൊലീസും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റും അന്വേഷണം നടത്തി ഓട്ടോയിൽ കാട്ടുപന്നിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു. വന്യജീവി ആക്രമണത്തിൽ മരിച്ചാൽ വനംവകുപ്പ് നൽകുന്ന 10 ലക്ഷം രൂപ നഷ്ടപരിഹാരത്തിനായി പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് അവസാനമായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഈ സർട്ടിഫിക്കറ്റും കുടുംബം ഹാജരാക്കിയപ്പോഴാണ് നഷ്ടപരിഹാരം നൽകരുതെന്ന് വനം മന്ത്രി ശശീന്ദ്രൻ ഉത്തരവിട്ടതായി കോഴിക്കോട് ഡി.എഫ്.ഒ അറിയിച്ചത്. പൊലീസിന്റെയും ഫോറസ്റ്റിന്റെയും എല്ലാ അന്വേഷണങ്ങളും നടന്ന് നഷ്ടപരിഹാരത്തുക നൽകാനിരിക്കയാണ് മന്ത്രിയുടെ അപ്രതീക്ഷിതമായ ഇടപെടൽ. ഇപ്പോൾ ഉണ്ടായിട്ടുള്ള ഊമക്കത്തിന്റെ പിന്നിൽ താമരശ്ശേരി റേഞ്ച് ഓഫിസാണെന്ന് വി ഫാം കർഷക സംഘടന ആരോപിച്ചു.

നഷ്ടപരിഹാരത്തുക ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും വി ഫാം ജില്ല കമ്മിറ്റി അറയിച്ചു. യോഗത്തിൽ ജോയി കണ്ണൻചിറ, അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ, തോമസ് വെളിയംകുളം, ബാബു പൈകയിൽ, ജിജോ വട്ടോത്ത്, ജോൺസൺ കക്കയം, സെമിലി സുനിൽ, ലീലാമ്മ, ബാബു പുതുപ്പറമ്പിൽ, സണ്ണി കൊമ്മറ്റം, ഡെന്നിസ് പശുക്കടവ്, മത്തായി മുതുകാട് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Compensation to the family of Rashid, auto driver killed by a wild boar, blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.