കോഴിക്കോട്: മാങ്കാവ് ലുലു മാളിലെ പ്രാർഥന റൂമിൽ കയറി പത്തുമാസം പ്രായമുള്ള കുട്ടിയുടെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസിലുൽ റഹ്മാൻ (35), കണ്ണൂർ തളിപ്പറമ്പ് സ്വദേശി നിയായ ഷാഹിന (39) എന്നിവരെയാണ് കസബ പൊലീസും ടൗൺ അസി. കമീഷണർ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ കഴുത്തിലെ ഒന്നേകാൽ പവൻ തൂക്കമുള്ള സ്വർണമാലയാണ് പ്രതികൾ പിടിച്ചുപറിച്ചത്. കവർച്ചക്കുശേഷം മാളിലെ ആളുകളുടെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ പ്രതികൾ ഒരുമിച്ച് സഞ്ചരിക്കാതെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ മാർഗം രക്ഷപ്പെടുകയായിരുന്നു.
കുട്ടിയുടെ ഉമ്മ പരാതി നൽകിയതോടെ കസബ പൊലീസ് ലുലു മാളിലെയും റെയിൽവേ സ്റ്റേഷനിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികൾക്കെതിരെ സമാന കുറ്റകൃത്യത്തിന് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. കവർന്ന സ്വർണം കാസർകോട് പടന്നയിൽനിന്ന് പിടിയിലായ പ്രതികളിൽനിന്ന് കണ്ടെടുത്തു. കസബ ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജഗമോഹൻ ദത്തൻ, അസി. സബ് ഇൻസ്പെക്ടർ പി. സജേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി. സുധർമൻ, രാജീവ്കുമാർ പാലത്ത്, സി.പി.ഒ ബിജില മോൾ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്, സൈബർ സെല്ലിലെ സ്കൈലേഷ്, ഡി.സി.ആർ.ബിയിലെ അസി. സബ് ഇൻസ്പെക്ടർ നിധീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.