കോഴിക്കോട്: ജില്ലയിൽ സി.പി.എം ഏരിയ സമ്മേളനങ്ങൾ പുരോഗമിക്കവെ ഇരുപക്ഷവും പരസ്പരം വെട്ടിനിരത്തി മുന്നോട്ട്. സൗത്ത് ഏരിയ സമ്മേളനത്തിൽ ജില്ല സെക്രട്ടറി പി. മോഹനനും കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും നേതൃത്വം നൽകുന്ന ഔദ്യോഗിക പക്ഷത്തിെൻറ തന്ത്രങ്ങളാകെ പൊളിച്ചതിന് കഴിഞ്ഞ ദിവസം എലത്തൂരിൽ ചേർന്ന നോർത്ത് ഏരിയ സമ്മേളനത്തിൽ മറുവിഭാഗത്തെ പ്രമുഖരെ തഴഞ്ഞ് പകരംവീട്ടി. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാറിനെയും അനുകൂലിക്കുന്നവരെ കമ്മിറ്റിയിൽനിന്നൊഴിവാക്കിയായിരുന്നു ഒൗദ്യോഗിക പക്ഷത്തിെൻറ കണക്കുതീർക്കൽ.
ഏരിയ സെക്രട്ടറി ആയേക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കോർപേറഷൻ മുൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ െക.വി. ബാബുരാജ്, എം. രാധാകൃഷ്ണൻ എന്നിവരെയും മുൻ ഡെപ്യൂട്ടി മേയർ പി.ടി. അബ്ദുൽ ലത്തീഫിനെയുമാണ് കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത്. കെ.വി. ബാബുരാജ് എ. പ്രദീപ് കുമാറുമായി ഏറ്റവും അടുപ്പമുള്ള നേതാവാണ്.
ബാബുരാജ് ജയിച്ച വാർഡ് ഇത്തവണ ബി.ജെ.പി പിടിച്ചെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. പ്രദീപ്കുമാർ മുഴുവൻ സമയവും പങ്കെടുത്ത സമ്മേളനത്തിലാണ് അദ്ദേഹത്തിെൻറ വിശ്വസ്തനെ െവട്ടിയത് എന്നത് ഈ വിഭാഗത്തെ ഞെട്ടിച്ചിട്ടുമുണ്ട്. നിലവിലെ ഏരിയ സെക്രട്ടറി ടി.വി. നിർമലൻ ഒഴിവായതോടെ പകരക്കാരനായി എലത്തൂർ ലോക്കൽ സെക്രട്ടറിയായിരുന്ന കെ. രതീഷിനെ നിശ്ചയിക്കാനായത് നേട്ടമായും ഔദ്യോഗിക പക്ഷം കരുതുന്നു.
മുഹമ്മദ് റിയാസ് മന്ത്രിയായതോടെയാണ് ജില്ലയിലെ പാർട്ടിയിൽ പുതിയ അധികാര കേന്ദ്രം രൂപപ്പെട്ടത്. ആദ്യമായി നടന്ന സൗത്ത് ഏരിയ സമ്മേളനത്തിലാണ് ഇൗ വിഭാഗം അണിയറയിൽനിന്ന് പുറത്തേക്ക് വന്നതും കമ്മിറ്റിതന്നെ പിടിച്ചെടുക്കുന്ന നിലപാട് സ്വീകരിച്ചതും.
സൗത്ത് ഏരിയ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള പുതിയ പാനൽ തയാറാക്കാൻ ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ നിലവിലെ ചില എ.സി അംഗങ്ങളെ ഒഴിവാക്കണമെന്ന് ജില്ല നേതൃത്വം നിർദേശിച്ചതോെട വിയോജിപ്പ് ഉയർന്നു. നാടകീയതക്കൊടുവിലാണ് മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരിയെ പ്രസിഡൻറാക്കിയത്. ടൗൺ ഏരിയ സമ്മേളനത്തിലും ഇരുവിഭാഗവും സാന്നിധ്യമറിയിച്ചെങ്കിലും കൂടുതൽ പ്രശ്നങ്ങളുണ്ടായില്ല. നോർത്തിൽ ഒൗദ്യോഗിക പക്ഷം പുതിയ േശ്രണിയിലെ നേതാക്കളെ വെട്ടിയതോടെ മറ്റു സമ്മേളനങ്ങളും ബലപരീക്ഷണ വേദികളാകുമെന്നുറപ്പായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.