കോഴിക്കോട്: സർക്കാർ മാനദണ്ഡങ്ങൾ പ്രതിസന്ധി രൂക്ഷമാക്കിയതോടെ എക്സിബിഷൻ മേഖല തകർച്ചയുടെ വക്കിൽ. വേനലവധിക്കാലത്ത് ചെറുതും വലുതുമായി നാൽപതോളം എക്സിബിഷനുകൾ സംസ്ഥാനത്ത് നടന്നിരുന്നുവെങ്കിൽ ഇത്തവണയിത് വിരലിലെണ്ണാവുന്നവയായി ചുരുങ്ങി.
സർക്കാർ ഗ്രൗണ്ടുകളുടെ വൻ വാടകയും താൽക്കാലിക ബിൽഡിങ് പെർമിറ്റ് ഫീസ് കൂടിയതുമാണ് പ്രതിസന്ധിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 18 ശതമാനം ജി.എസ്.ടിക്ക് പുറമെ പത്തുശതമാനം വിനോദ നികുതികൂടി സർക്കാർ ഈടാക്കിത്തുടങ്ങിയതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. കോവിഡ് പ്രതിസന്ധിക്കുശേഷം കരകയറിവന്ന മേഖലയാണ് താങ്ങാവുന്നതിലധികമുള്ള ചെലവുകൾ കാരണം തകർച്ചയിലേക്ക് പോകുന്നത്.
സ്ഥിരമായി എക്സിബിഷനുകൾ സംഘടിപ്പിച്ച പല ടീമുകളും ലക്ഷങ്ങളുടെ ബാധ്യത വന്നതോടെ അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട്, ഗോവ എന്നിവിടങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്. നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്ന മേഖല എന്നതിനപ്പുറം സംസ്ഥാന സർക്കാറിന് നികുതിയിനത്തിൽ വലിയ വരുമാനം ലഭിക്കുന്ന മേഖലകൂടിയാണ് നാമാവശേഷമാകുന്നത്.
എക്സിബിഷനുകളും സർക്കസുകളുമെല്ലാം നടന്നിരുന്ന ഗ്രൗണ്ടുകളിലെല്ലാം കെട്ടിടങ്ങൾ ഉയർന്നതിനാൽ സ്ഥലമില്ലെന്ന പ്രതിസന്ധിയുമുണ്ട്. സർക്കാർ ഗ്രൗണ്ടുകൾക്കുപോലും ഭീമമായ വാടകയാണ് പല തദ്ദേശ സ്ഥാപനങ്ങളും ഈടാക്കുന്നത്. മറ്റു പ്രോഗ്രാമുകൾക്ക് ദിവസം 5,000 രൂപക്ക് നൽകുന്ന സർക്കാർ സ്ഥലം എക്സിബിഷനുകൾക്ക് നൽകുമ്പോൾ കൂടുതൽ തുക വാങ്ങുന്നതായും പരാതിയുണ്ട്.
ഒരു മൈതാനിയിൽ കേവലം ഒരാഴ്ച മാത്രം സംഘടിപ്പിക്കുന്ന കാർണിവലിന് മീറ്റർ സ്ക്വയറിന് 300 രൂപ ബിൽഡിങ് പെർമിഷൻ ഫീസായി ഈടാക്കുന്നു. ഇതിനുപുറമെ കടകൾക്ക് 500 രൂപ ലൈസൻസ് ഫീസും പലയിടത്തും ഈടാക്കുന്നുണ്ട്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് വർധിപ്പിച്ച അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ് എന്നിവയെല്ലാം ഈ മേഖലക്ക് പ്രതിസന്ധിയാണ്.
പി.പി.ആർ ലൈസൻസ് ഫീ, ഹരിത കർമസേന ഫീ, പൊലീസ്, ഫയർ, ഇലക്ട്രിസിറ്റി, ഇൻഷുറൻസ് ചെലവ് എന്നിവ കൂടാതെയാണ് ജി.എസ്.ടിയും വിനോദ നികുതിയും. ഇതെല്ലാം കൂടി ടിക്കറ്റിലൂടെ കണ്ടെത്താനാവുന്നില്ലെന്നും കേരളത്തിൽനിന്ന് സർക്കസ് മേഖല ഇല്ലാതായതുപോലെ എക്സിബിഷൻ മേഖലയും ഇല്ലാതാവുകയാണെന്നുമാണ് നടത്തിപ്പുകാർ പറയുന്നത്.
അമ്യൂസ്മെന്റ് പാർക്ക് നടത്തിപ്പിനായി പി.ഡബ്ല്യു.ഡി വിഭാഗത്തിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണമെന്നാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ ആവശ്യപ്പെടുന്നത്. എന്നാൽ, ഇങ്ങനെയൊരു സർട്ടിഫിക്കറ്റ് കൊടുക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നാണ് പി.ഡബ്ല്യു.ഡി അധികൃതരുടെ പക്ഷം.
ഇത്തരം വിഷയങ്ങളിൽ സർക്കാർ വ്യക്തമായ മാർഗനിർദേശം പുറത്തിറക്കാത്തതും തിരിച്ചടിയാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പലതവണ സർക്കാറിനെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്ന് കേരള സ്റ്റേറ്റ് എക്സിബിഷൻ വർക്കേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് ജ്യോതി കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.