കോഴിക്കോട്: സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ ഉയർന്ന പലിശ വാഗ്ദാനംചെയ്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട് പറയഞ്ചേരി കോക്സ് ടാക്സ് ട്രേഡിങ് കമ്പനിയുടെ മറവിൽ നിരവധിയാളിൽനിന്ന് പണം വാങ്ങിയെന്ന പരാതിയിലാണ് നടപടി. കമ്പനി ഡയറക്ടർമാരായ കാരപ്പറമ്പ് ആസിം കോട്ടേജിലെ വലിയതൊടുവിൽ ജമാലുദ്ദീൻ (37), കക്കോടി സ്വദേശി റെയ്മൻ ജോസഫ് (45) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് അൻവർ എന്നയാൾക്കെതിരെയും കേസെടുത്തെന്ന് പൊലീസ് പറഞ്ഞു.
ഒരു ലക്ഷത്തിന് മാസം 3000 രൂപ പലിശ നൽകാമെന്ന് പറഞ്ഞ് 15 മാസത്തേക്ക് നിക്ഷേപം സ്വീകരിച്ചുവെന്നാണ് പരാതി. കാലാവധി പൂർത്തിയായാൽ നിക്ഷേപത്തിന്റെ 10 ശതമാനം കൂടി പലിശ കിട്ടുമെന്നും വാഗ്ദാനമുണ്ടായി. ഏജന്റുമാർ വഴിയും നേരിട്ടും വൻതുക ശേഖരിച്ചെന്നാണ് കേസ്. കൃത്യമായി പലിശ നൽകുക വഴി വിശ്വാസ്യത കൂട്ടിയതോടെ കൂടുതൽ നിക്ഷേപകരെത്തി. എന്നാൽ, കഴിഞ്ഞ ജനുവരി മുതൽ നിക്ഷേപിച്ച പലർക്കും പണം കിട്ടാതായെന്നാണ് പരാതി ഉയർന്നത്. ഉടൻ പലിശസഹിതം തിരിച്ചുനൽകുമെന്ന് പറഞ്ഞെങ്കിലും ആറുമാസം കഴിഞ്ഞിട്ടും പണം നൽകാതായതോടെ ചില നിക്ഷേപകർ പരാതിയുമായി എത്തുകയായിരുന്നു. മൂന്നുപേരാണ് പരാതി നൽകിയത്. മൈത്രി നിധി എന്ന പേരിലും പിന്നീട് അർഥം എന്ന പേരിലും ഒടുവിൽ കോക്സ് ടാക്സ് ട്രേഡിങ് എന്ന പേരിലും പണം സ്വീകരിച്ചെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.