കോഴിക്കോട്: കൊറ്റംപറമ്പത്തുള്ള അവിൽ നിർമാണ മില്ലിലെ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് പുനരന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ സിറ്റി ജില്ല പൊലീസ് മേധാവി എ.വി. ജോർജിന് നിർദേശം നൽകി.
അന്വേഷണ റിപ്പോർട്ട് മൂന്നുമാസത്തിനകം സമർപ്പിക്കണമെന്നും കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. തിരുനെൽവേലി തിരുവെങ്കടം ചിദംബരപുരം സായമാലൈ 195 സൗത്ത് സ്ട്രീറ്റിൽ ജയകുമാറിനെയാണ് 2019 ജൂൺ 15ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജയകുമാറിന്റെ അമ്മ വള്ളിയമ്മാൾ സമർപ്പിച്ച പരാതിയിലാണ് നടപടി. മനുഷ്യാവകാശ കമീഷന്റെ അന്വേഷണവിഭാഗം പരാതിയെ ക്കുറിച്ച് അന്വേഷിച്ചു. 2019 ജൂൺ 14 ന് രാത്രി ഒപ്പമുള്ള ജോലിക്കാരുമായി ജയകുമാർ മദ്യപിച്ച് അടിപിടിയുണ്ടാക്കിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പിറ്റേന്നാണ് ഇയാളെ മില്ലിന്റെ ഗോവണിയുടെ ഇരുമ്പ് കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പോസ്റ്റ്മോർട്ടത്തിൽ 14 മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. രക്തവും മറ്റും കെമിക്കൽ ലാബിൽ പരിശോധനക്ക് അയച്ചെങ്കിലും റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ വിശകലനം ചെയ്തിട്ടില്ലെന്ന് കമീഷൻ കണ്ടെത്തി.
അസി. കമീഷണറായിരുന്ന കെ. അഷ്റഫാണ് കേസ് അന്വേഷിച്ചത്. സാമ്പത്തിക ബാധ്യതയും അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമവും കാരണമാണ് ജയകുമാർ ആത്മഹത്യ ചെയ്തതെന്നാണ് അദ്ദേഹം കണ്ടെത്തിയത്. 2020 മേയ് 31ന് തുടർനടപടികൾ ആവശ്യമില്ലാത്ത കേസായി കണക്കാക്കി അന്തിമ റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
എഫ്.ഐ.ആറിലും പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും സഹപ്രവർത്തകർ മർദിച്ച കാര്യവും മുറിവുകളുടെ കാര്യവും സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് വിശദ അന്വേഷണം നടത്തിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക സംഘം രൂപവത്കരിക്കാൻ കമീഷൻ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.