കോഴിക്കോട്: മഴ ശക്തമായതോടെ കോഴിക്കോട് ജില്ലയിൽ ഈഡിസ് കൊതുകുകൾ പരത്തുന്ന ഡെങ്കിപ്പനി വ്യാപിക്കുന്നു. ഗ്രാമ, നഗര വ്യത്യാസമില്ലാതെയാണ് ഡെങ്കിപ്പനി വ്യാപിക്കുന്നത്. ഈ മാസം 20 വരെ 544 പേരാണ് ഡെങ്കിപ്പനിക്ക് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം ചികിത്സതേടുന്ന ഡെങ്കി സ്ഥിരീകരിച്ചവരുടെയും സംശയിക്കപ്പെടുന്നവരുടെയും കണക്കാണ് ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നത്. ഡെങ്കിപ്പനിക്കൊപ്പം മറ്റുരോഗങ്ങളും ഉള്ളവരെ ആരോഗ്യ വകുപ്പ് രോഗം സംശയിക്കുന്നവരുടെ പട്ടികയിലാണ് ഉൾപ്പെടുത്തുക. അതിനാൽതന്നെ ഔദ്യോഗികമായി ഈ കേസുകളെല്ലാം ഡെങ്കി കേസുകളായാണ് കണക്കാക്കുന്നത്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടുന്നവർ ഈ കണക്കുകളിൽ പെടില്ല. ഇതുകൂടി കൂട്ടുകയാണെങ്കിൽ ഡെങ്കി ബാധിതരുടെ എണ്ണം ഇനിയും കൂടും. മാലിന്യസംസ്കരണവും കൊതുകു നിർമാർജനവും പാളിയതാണ് ഇത്തവണ രോഗം വ്യാപിക്കാൻ ഇടയാക്കുന്നതെന്നാണ് ആക്ഷേപം. മഴക്കാലപൂർവ ശുചീകരണം കൃത്യമായി നടത്താത്തതും രോഗം വർധിക്കാൻ ഇടയാക്കി. മഴ വീണ്ടും എത്തിയതോടെയാണ് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചത്.
മഴ തുടങ്ങിയതോടെ വെള്ളക്കെട്ടുകളിൽ കൊതുകുകൾ മുട്ടയിട്ട് വളരുന്നതാണ് രോഗ വ്യാപനത്തിന് ഇടയാക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഡെങ്കിപ്പനി വ്യാപനം കൂടുതലാണ്. സാധാരണ വേനൽ മഴയോടെ വ്യാപിക്കുന്ന രോഗം മഴ ശക്തമാവുന്നതോടെ കുറയുകയായിരുന്നു പതിവ്. എന്നാൽ, ഇത്തവണ ഓരോ മാസവും ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുകയാണ്.
● കൊതുകിനെ സൂക്ഷിക്കണം
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. അതിനാൽ , ഈഡിസ് കൊതുകുകളിൽ നിന്ന് കടിയേൽക്കാതെ ശ്രദ്ധിക്കണം. ഡെങ്കി വൈറസാണ് രോഗാണു. മനുഷ്യരിൽ രോഗാണു പ്രവേശിച്ചാൽ അഞ്ച് മുതൽ എട്ടു വരെ ദിവസത്തിനകം രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. രോഗം ബാധിച്ചയാളെ കടിക്കുന്ന കൊതുക് മറ്റുള്ളവരെ കടിക്കുമ്പോഴാണ് രോഗം പടരുക. ശുദ്ധജലത്തിൽ മുട്ടയിട്ടാണ് ഇവ വളരുന്നത്. അതിനാൽ, ഫ്രിഡ്ജിനു പിറകിലെ ട്രേ, ചെടിച്ചട്ടികൾ, ചിരട്ടകൾ, താർപായ, അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങൾ തുടങ്ങിയവയിലെല്ലാം കെട്ടിനിൽക്കുന്ന നല്ല വെള്ളത്തിൽ മുട്ടയിട്ട് ഇത്തരം കൊതുകുകൾ വളരാനുള്ള സാധ്യത ഏറെയാണ്. അതിനാൽ വീട്ടിലും പരിസരത്തും ശുദ്ധജലം ഉൾപ്പെടെ കെട്ടിനിൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. വീടിനകത്ത് വളർത്തുന്ന ചെടിച്ചട്ടികളിലും കൊതുകു വളരുന്നില്ലെന്ന് ഉറപ്പുവരുത്തണം. ജല സംഭരണികൾ നന്നായി അടക്കണം. കിണർ കൊതുകുവല ഉപയോഗിച്ച് മൂടുന്നതും നല്ലതാണ്. ആഴ്ചയിൽ ഒരുതവണയെങ്കിലും ഡ്രൈഡേ ആചരിക്കണം.
● ലക്ഷണങ്ങൾ
പനിയോടൊപ്പം ശക്തമായ ശരീരവേദന (പ്രധാനമായും സന്ധിവേദന), തലവേദന, ശരീരത്തിൽ ചുവന്ന പാടുകൾ.
● രോഗ നിർണയം
രോഗത്തിന്റെ ആദ്യ ദിവസങ്ങളിൽ അഞ്ചു ദിവസം വരെ ആന്റിജൻ ടെസ്റ്റ്. അതു കഴിഞ്ഞാൽ ഡെങ്കി ആന്റിബോഡി പരിശോധന. രക്തത്തിലെ കൗണ്ട് നോക്കുമ്പോൾ ശ്വേത രക്താണുക്കളും പ്ലേറ്റ്ലെറ്റും കുറയും. രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ ഡോക്ടറെ കണ്ട് രോഗനിർണയം നടത്തി ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. നന്നായി വെള്ളം കുടിക്കണം, വിശ്രമം അത്യാവശ്യമാണ്. പ്ലേറ്റ്ലെറ്റ് വർധിപ്പിക്കാൻ മരുന്നോ ഭക്ഷണമോ നിലവിലില്ല. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ഏറെ നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.